ജമ്മു: ജമ്മൂ കശ്മിരീൽ ഭീകരരുടെ ഒളിത്താവളങ്ങൾ തേടിയുള്ള ദൗത്യത്തിനിടെ സൈനിക നായയ്‌ക്ക് വീരമൃത്യു. തീവ്രവാദ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായിരുന്ന ഫാന്റം എന്ന നായയാണ് ഭീകരരുടെ വെടിയുണ്ടകളേറ്റ് മരണപ്പെട്ടത്. ബെല്‍ജിയന്‍ മെലിനോയ്‌സ് വിഭാഗത്തില്‍പെട്ട നായയായ ഫാന്റം 2020 മേയ് 25-നാണ് ജനിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ റീമൗണ്ട് വെറ്ററിനറി കോറിലായിരുന്നു പരിശീലനം. ഇതിന് ശേഷം 2022 ഓഗസ്റ്റ് 12 മുതല്‍ ഫാന്റം സേനയുടെ ഭാഗമാണ്.
മീററ്റിലെ റിമൗണ്ട് വെറ്ററിനറി കോർപ്‌സിൽ നിന്നാണ് 2022 ഓഗസ്റ്റ് 12 ന് ഫാന്റത്തെ പോസ്റ്റുചെയ്തത്. മീററ്റിലെ ആർവിസി സെന്ററിൽ നിന്നാണ് ഇഷ്യൂ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലെ അഖ്‌നൂര്‍ സെക്ടറില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഫാന്റത്തിന് വെടിയേറ്റത്. രാവിലെ ആറരയോടെ സേനയുടെ ആംബുലന്‍സിന് നേരെ ഭീകരാക്രമണമുണ്ടായി. സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.
പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയതോടെ വെടിവെപ്പ് ആരംഭിച്ചു. ഇതിനിടെയാണ് തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്. അധികം വൈകാതെ ഫാന്റത്തിന് ജീവന്‍ നഷ്ടമായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
‘ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരര്‍ക്കുനേരെ അടുക്കുമ്പോള്‍ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേല്‍ക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമര്‍പ്പണബോധവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല.’ – ഫാന്റത്തിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്‌സില്‍ കുറിച്ചു. ഫാന്റത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
നേരത്തേ 2022 ഒക്ടോബര്‍ ഒമ്പതിന് ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ സൈനിക നായയായ സൂം വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: