പത്തനംതിട്ട: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പത്തനംതിട്ട അയിരൂര്‍ കഥകളി ഗ്രാമത്തില്‍ കഥകളിക്കോപ്പ് നിര്‍മാണ പരിശീലന കേന്ദ്രം തുടങ്ങുന്നു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് പദ്ധതിയുടെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത്. കഥകളിക്കോപ്പ് നിര്‍മാണ സ്വയംസഹായ സംഘം എന്ന പേരില്‍ 15 അംഗങ്ങളുള്ള ഒരു യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്കും.
ഒരടി മുതല്‍ ഒരാള്‍ പൊക്കം വരെയുള്ള കഥകളി ശില്പങ്ങളാണ് കലാകേന്ദ്രത്തില്‍ നിര്‍മിക്കുന്നത്. കുമ്പിള്‍ത്തടിയില്‍ നിര്‍മിക്കുന്ന കഥകളി ശില്പത്തില്‍ കഥകളി വേഷങ്ങളുടെ ആടയാഭരണങ്ങള്‍ അണിയിച്ച് വില്പനയ്‌ക്ക് സജ്ജമാക്കും. പച്ച, കത്തി, കരി, താടി തുടങ്ങിയ എല്ലാ വേഷങ്ങളും കലാകേന്ദ്രത്തില്‍ നിര്‍മിക്കും.
കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ജില്ലാ കഥകളി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയാകും. ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടര്‍ പി. എസ്. പ്രിയദര്‍ശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശില്പി കരിക്കകം ത്രിവിക്രമന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കും. കഥകളി ശില്പങ്ങള്‍ മൂന്നു മാസത്തിനകം വില്പനയ്‌ക്ക് സജ്ജമാക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: