ദുബായ് : ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് നവംബർ 5-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2024 നടക്കുന്നത്. ഈ പ്രദർശനം നവംബർ 7 വരെ നീണ്ട് നിൽക്കും. ഇത്തവണത്തെ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പ്രദർശനത്തിൽ എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 2500ൽ പരം പ്രദർശകർ പങ്കെടുക്കും. മുൻവർഷത്തെ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പ്രദർശനങ്ങളെ അപേക്ഷിച്ച് മുപ്പത് ശതമാനം വളർച്ചയാണിത്.
ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്. ഈ മേഖലയിലെ കാര്യക്ഷമതയും സുസ്ഥിരതയും ലാഭക്ഷമതയും വർധിപ്പിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും പരിപാടിയിൽ കാണാനാകുന്നതാണ്. ലോകത്തെ 90% നിർമ്മാണ ബ്രാൻഡുകളും പരിപാടിയിൽ പ്രതിനിധീകരിക്കുന്നുണ്ട്.
പ്രധാനമായും ഫുഡ് ബയോഫോർട്ടിഫിക്കേഷൻ, AI-അധിഷ്ഠിത ചേരുവകൾ, പാക്കേജിംഗിലെ നാനോ ടെക്‌നോളജി, പ്രിസിഷൻ ഫെർമെൻ്റേഷൻ, സ്‌മാർട്ട് സപ്ലൈ ചെയിനുകൾ എന്നിവ ഉൾപ്പെടെയുള്ളവ മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ ഫുഡ്‌ടെക് ഉച്ചകോടിയിൽ, ലോകമെമ്പാടുമുള്ള 100ലധികം വ്യവസായ വിദഗ്ധർ ഫുഡ് ആൻഡ് ബീവറേജ് വ്യവസായത്തിലെ ഏറ്റവും പുതിയ ട്രെൻഡുകൾ, നൂതനതകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചും സംസാരിക്കും.
അതേ സമയം കഴിഞ്ഞ വർഷം നടന്ന ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പരിപാടിയിൽ എൺപത് രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രദർശകർ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: