കൊടുങ്ങല്ലൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നന്ദിയറിയിച്ച് മുഹമ്മദ് അഫ്താബ്. ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുമെന്നും വാഗ്ദാനം. തായ്ലാന്റില് നവംബര്‍ മാസത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാരുടെ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവ് പാറയില്‍ വഹാബ് -സെമിന ദമ്പതികളുടെ മകന് മുഹമ്മദ് അഫ്താബിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഇരുപത്തി നാലാം തിയ്യതിയായിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കുവാന്‍ പല തടസങ്ങളും ഉണ്ടായിരുന്നു. പിതാവ് വിദേശത്തായതും അപേക്ഷകന് മൈനര്‍ ആയതുമാണ് പ്രധാന കാരണം.
ഇതറിഞ്ഞ കൊടുങ്ങല്ലൂര്‍ ബി ആര് സി യിലെ വിനയ ടീച്ചര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി പരിചയമുള്ള ശലഭ ടീച്ചറെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടെല്ലാം സിനിമക്കഥയെ വെല്ലുന്ന വേഗതയിലാണ് നടന്നത്. പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് നേരിട്ട് മുഹമ്മദ് അഫ്താബിനെ വിളിക്കുകയും പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമയം ലഭിക്കുകയും ചെയ്തു.
കൊച്ചി ഓഫീസില്‍ നിന്ന് അഫ്താബിന്റെ മാതാവ് സെമിനയുടെ പാസ്പോര്‍ട്ട് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായപ്പോള്‍ സുരേഷ് ഗോപി നേരിട്ട് വിളിച്ച് തന്റെ പാസ്പോര്‍ട്ടും ശരിയാക്കി തന്നെന്ന് സെമിന പറഞ്ഞു. കഴിഞ്ഞ ദിവസം പാസ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ അത് ലറ്റിക്കിന് അപേക്ഷിക്കാന്‍ സാധിച്ചു. ഗുജറാത്തില്‍ നടന്ന നാഷണല്‍ അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്താബ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: