തൃശൂര്‍: ‘രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചുവരെ എല്ലുമുറിയെ പണിയെടുത്താല്‍ കിട്ടുന്നത് 346 രൂപയാണ്! ‘ വ്യക്തികളുടെ പറമ്പില്‍ പണി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളി ശോഭന പറഞ്ഞു.
‘രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ഒറ്റനില്‍പ്പില്‍ നിന്ന് പണിയെടുത്താല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലി പോലും തങ്ങള്‍ക്കില്ല’ തുണിക്കടയില്‍ ജോലി ചെയ്യുന്ന സെയില്‍സ് ഗേളായ ഗീത പറഞ്ഞു.
‘ഒരു ദിവസം പരമാവധി ലഭിക്കുക 300 രൂപ! തിരക്കുണ്ടെങ്കില് ഉച്ചഭക്ഷണം പോലും കഴിക്കാന്‍ പറ്റാറില്ല. ഇരിക്കാന്‍ അനുവാദമില്ല. ഒറ്റനില്‍പ്പില്‍ പത്തു മണിക്കൂറിലധികം പണി ചെയ്യുന്നതുകൊണ്ട് നടുവേദനയും കാലില്‍ നീരും വേരിക്കോസ് വെയിനും ആണ് സമ്മാനം! ‘ അവര്‍ പറഞ്ഞു.
ലോക ഗ്രാമീണവനിതാ ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖല സംഘടിപ്പിച്ച ഗ്രാമീണവനിതാസംഗമത്തില് വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കുവെക്കുകയായിരുന്നു.
പകല്‍ മുഴുവന്‍ നടുവൊടിയുവോളം ചെയ്യുന്ന പണിക്ക് നാമമാത്ര വേതനം പറ്റുന്നവരാണ് സ്കൂളുകളിലെ പാചക തൊഴിലാളികള്‍. 500ല്‍ താഴെയാണ് കുട്ടികളെങ്കില്‍ ഒരു തൊഴിലാളിയെ മാത്രം നിയമിക്കാനാണ് സര്‍ക്കാര്‍ അനുവാദം. ഒരാള്‍ക്ക് ദിവസ വേതനമായി ലഭിക്കുന്ന 625 രൂപയില്‍ നിന്ന് പകുതി കൊടുത്താണ് ഒരു സഹായിയെ വെക്കുന്നത്. ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാവുന്ന പണിയല്ല സ്കൂളിലുള്ളത്.
‘455 കുട്ടികളുള്ള തന്റെ സ്കൂളില്‍, ഉച്ചഭക്ഷണത്തിന് 40കിലോ അരി വെക്കണം, രണ്ട് കറികളും തോരനും വേണം. 10 കിലോയുടെ പച്ചപ്പയര്‍ കഴുകി അരിയണം. കരിഞ്ഞു പോകാതെ പാല് തിളപ്പിക്കണം. മുട്ട പുഴുങ്ങണം. കുട്ടികള്‍ ഭക്ഷണം കഴിച്ച സ്ഥലം ശുചീകരിക്കണം; വലിയ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കണം’ ഷൈനി പറഞ്ഞു.
തുച്ഛമായ വേതനത്തില്‍ നൂറായിരം പണികള്‍ ചെയ്യുന്നവരാണ് തങ്ങളെന്ന് അങ്കണവാടി വര്‍ക്കറായ ഷീല പറഞ്ഞു. മെനുപ്രകാരമുള്ള ഭക്ഷണം തയ്യാറാക്കി കുഞ്ഞുങ്ങള്‍ക്ക് നല്കി പരിപാലിക്കുന്ന ക്ലേശകരമായ അധ്വാനത്തിന് പുറമേ പഞ്ചായത്തും സര്‍ക്കാരും ഏല്‍പ്പിക്കുന്ന നിരവധി പണികള്‍ വേറെയുമുണ്ട്. വീടുകയറി ഇറങ്ങിയുള്ള സര്‍വ്വേയും കണക്കെടുപ്പും 14 രജിസ്റ്ററുകളുടെ സൂക്ഷിപ്പും മീറ്റിങ്ങുകളുടെ സംഘാടനവും അധിക പണികളാണ്. മീറ്റിങ്ങുകള്‍ക്കും മറ്റുകാര്യങ്ങള്‍ക്കും കയ്യില്‍ നിന്ന് എടുത്ത് ചെലവാക്കുന്ന പണം പലപ്പോഴും കിട്ടാറില്ല. ‘ ഷീല പറഞ്ഞു.
‘അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗമായ അമ്മിണിക്ക് തുച്ഛവേതനത്തോടൊപ്പം കിട്ടാറുള്ളത് നാട്ടുകാരുടെ പരിഹാസവും ആക്ഷേപവും ആട്ടിപ്പായിക്കലും! ‘രാവിലെ ഏഴു മുതല്‍ വൈകിട്ട് 7 വരെയാണ് പണി. 50 രൂപ യൂസര്‍ ഫീ തരാന്‍ മടിച്ചിട്ട് ആളുകള്‍ വാതിലുകള്‍ കൊട്ടിയടക്കും ; പട്ടികളെ അഴിച്ചുവിടും ‘ അവര്‍ തന്റെ അനുഭവം പറഞ്ഞു.
ആശാവര്‍ക്കറും പ്രീപ്രൈമറി ആയമാരും ഉള്‍പ്പെടെയുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാട് ചില്ലറയല്ല.
എന്നാല്‍ കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത് സ്വയം സംരംഭകരായ സിന്ധുവിനും അനിതയ്ക്കും പറയാനുള്ളത് വേറിട്ട അഭിമാനകരമായ അനുഭവങ്ങളാണ്. ‘ഞങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് പണിയെടുക്കാം; ആവശ്യത്തിന് വിശ്രമിക്കാം. ചെലവ് കഴിഞ്ഞ് സാമാന്യം നല്ലൊരു തുക മാറ്റിവയ്ക്കാം. നാലരലക്ഷം രൂപ വായ്പ എടുത്തപ്പോള്‍ 2 ലക്ഷം രൂപ സബ്സിഡിയായി ലഭിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വായ്പ അടച്ചു തീര്‍ക്കാനായി.’ സ്വയം സംരംഭകയായ സിന്ധു പറഞ്ഞു.
നാലു സ്ത്രീകള്‍ ചേര്‍ന്ന് ഹോട്ടല്‍ നടത്തുന്ന അനിതയ്ക്ക് പറയാനുള്ളതും സംതൃപ്തമായ തൊഴില്‍ ജീവിതത്തെപ്പറ്റി. എന്നാല്‍, കൃഷിപ്പണി ചെയ്യുന്ന ലളിതയ്ക്ക് കാട്ടുപന്നിയും മയിലും കൃഷി നശിപ്പിക്കുന്ന കദനാനുഭവമാണ് പറയാനുണ്ടായിരുന്നത്. മനുഷ്യ- വന്യമൃഗ ംഘര്ഷത്തിന്റെ കഥ!
കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന് ഉദ്ഘാടനം ചെയ്തു. കെ.കെ.രജിതമോള്‍ മോഡറേറ്ററായി. പ്രൊഫ.ഗിരിജ തടിയില്‍, വി.കെ. മുകുന്ദന്, ടി.സത്യനാരായണന്, എം.എന്‍.ലീലാമ്മ, ടി.എന്‍.ദേവദാസ്, മാത്യു ആന്‍ഡ്രൂസ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: