പാറശ്ശാല: കുളത്തൂര്‍ സ്വദേശിയായ യുവാവിനെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കിയ രണ്ട് പേര് പിടിയിലായി. ചൈനീസ് പായ്ക്കറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്ക് റേറ്റിങ് നല്കി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കുളത്തൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് കാല് ലക്ഷം രൂപ തട്ടിയെടുത്തത്. കോഴിക്കോട് നരിക്കുനി പാറന്നൂര്‍ ആരീക്കല്‍ ഹൗസില്‍ അസര്‍ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശിനി അക്ഷയ (28) എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കുളത്തൂര്‍ സ്വദേശിയായ ഷൈന്‍ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ റേറ്റിങ് നല്കുന്ന ജോലി ഒഴിവുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ടാണ് ഷൈന്‍ അറസ്റ്റിലായ ഇരുവരെയും കണ്ടത്. പല ഘട്ടങ്ങളിലായി കാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിക്കാരന് പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ഇവര്‍ നിരവധിപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: