ആലപ്പുഴ: വിവരങ്ങള്‍ നല്‍കാതെ വിവരാവകാശ കമ്മിഷനും കടമകള്‍ വിസ്മരിക്കുന്നതായി ആക്ഷേപം. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ ഹക്കിം 2022 ആഗസ്ത് അഞ്ചിന് ചുമതലയേറ്റതു മുതല്‍ പുറപ്പെടുവിച്ചിട്ടുള്ള താല്‍ക്കാലിക/അന്തിമ തീര്‍പ്പ് സംബന്ധിച്ച വിവരങ്ങളുടെ വിശദമായ വിവരം ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് ധനേഷ്. ഡി നല്കിയ അപേക്ഷയിലാണ് അപൂര്‍ണമായ മറുപടി നല്‍കിയത്.
കമ്മിഷന് ലഭ്യമാക്കിയ മറുപടി സംശയാസ്പദവും പ്രധാന വിവരങ്ങള്‍ മറച്ചു വച്ച നിലയിലുള്ളതുമാണ്. അപേക്ഷകര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കേണ്ട ഭരണഘടനാപരമായ ചുമതലയുള്ള കമ്മിഷന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
വിവരാവകാശ കമ്മിഷണറായ എ. അബ്ദുള്‍ ഹക്കിം ആകെ 1927 ഉത്തരവുകള്‍ പുറപ്പെടുവിച്ചതായും ഇതിന്റെ വിശദമായ വിവരം കമ്മിഷന്റെ ഓഫീസില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് നല്‍കിയിട്ടുള്ളത്.
ഇതു കൂടാതെ 386 അന്തിമതീര്‍പ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദമായ വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് കമ്മിഷന് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ 41 പേരില്‍ നിന്നും 4,43,976 രൂപ പിഴ ചുമത്തിയാതായി പറയുന്നു. എന്നാല്‍ ആരില്‍ നിന്നുള്ള പിഴ തുകയെന്നത് സംബന്ധിച്ചും, ഇതുമായി ബന്ധപ്പെട്ട കമ്മിഷന്റെ ഉത്തരവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവരാവകാശ നിയമത്തിലെ 20(2) വകുപ്പു പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കമ്മിഷന് ശിപാര്‍ശ ചെയ്തത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളും കമ്മിഷന്റെ കൈവശമില്ലെന്ന അവ്യക്തമായ മറുപടിയാണ് നല്‍കിയത്.
പൗരന്റെ അറിയാനുള്ള അവ കാശത്തെ, തീര്‍ത്തും സുതാര്യവും മാതൃകാപരവുമായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന വിവരാവകാശ കമ്മിഷന് തന്നെ തുരങ്കം വയ്ക്കുന്ന വിധത്തിലുള്ളതാണെന്നാണ് വിമര്‍ശനം. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ച വരുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: