തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നാലുമാസം ആകുമ്പോഴും ദുരന്തശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പ് വൈകുന്നത് എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തേണ്ട കണക്കെടുപ്പും അതിന്റെ റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അത് വസ്തുത അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ പണം എടുത്ത് ചെലവഴിക്കുമ്പോള്‍ അതിനി ചില നടപടിക്രമങ്ങളും സാങ്കേതികത്വങ്ങളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ദുരന്തത്തിന് അധിക തുക നല്‍കിയത് ദുരന്തശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പ് റിപ്പോര്‍ട്ട് നല്‍കിയശേഷമാണ്. അവിടെയെല്ലാം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂര്‍ പൂരം കലങ്ങിയോ ഇല്ലയോ എന്ന് സിപിഐ പിണറായി വിജയനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് പൂരം കലക്കിയെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് തൃശൂര്‍ ഡിസിസി പിരിച്ചു വിട്ടത് എന്നുകൂടി വ്യക്തമാക്കണം. പൂരം കലങ്ങിയോ ഇല്ലയോ എന്ന അന്വേഷണം എവിടെ എത്തിയെന്നും ആര്‍എസ്എസ് ക്ഷേത്ര ഉത്സവം തകര്‍ത്തു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: