ചേര്‍ത്തല : അനശ്വര കവി വയലാര്‍ രാമവര്‍മ്മക്ക് നാടിന്റെ ഓര്മ പൂക്കള്‍. കവിയുടെ 49-ാം ചരമ വാര്‍ഷിക ദിനമായിരുന്ന ഇന്നലെ വയലാറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. കവിയുടെ ഓര്‍മ്മകളുറങ്ങുന്ന തറവാടായ വയലാര്‍ രാഘവ പറമ്പില്‍ ആയിരങ്ങള്‍ പ്രണാമമര്‍പ്പിച്ചു. രാവിലെ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളായ ശരത് ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന എന്നിവരും കുടുംബാംഗങ്ങളും ചന്ദ്ര കളഭത്തിലെ കവിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പിന്നാലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കാളികളായി. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്, ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ തുടങ്ങി നിരവധി പേര് പുഷ്പാര്‍ച്ചന നടത്തി.
വയലാര്‍ രാമവര്‍മ്മ അനുസ്മരണസമ്മേളനം എഴുത്തുകാരി ഡോ.എസ്. ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍. ബാലചന്ദ്രന് അധ്യക്ഷനായി. പ്രിയ കവിക്കു പ്രണാമമര്‍പ്പിച്ച് ഒരുക്കിയ കവി സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 80 ഓളം കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. നടി ഗായത്രി വര്‍ഷ കവി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിദ്വാന് കെ.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എസ്.ആര്. ഇന്ദ്രന്, കെ.വി. ചന്ദ്ര ബാബു, വെട്ടയ്ക്കല്‍ മജീദ്, ടി. രമേശ്, സജീവ് കാട്ടൂര്‍, പി. പുഷ്കരന്, സുരേഷ് കണ്ടനാട് എലിസബത്ത് സാമുവല്‍ തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: