Main Article

നാളെ ഹരിയേട്ടന്‍ സ്മൃതി ദിനം: ഓര്‍മ്മയിലെ ഹരിയേട്ടന്‍

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്ന വേളയിലൊക്കെ ഒടുവില്‍ എത്തിച്ചേരുന്നത് രാഷ്‌ട്രവുമായി ബന്ധപ്പെട്ട വിഷയത്തിലായിരിക്കും. ഏതു വിഷയം എടുത്തിട്ടാലും കറങ്ങിത്തിരിഞ്ഞ് ‘രാഷ്‌ട്ര’ത്തിലെത്തും. ഒരു വേള സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ഒരു തവണയെങ്കിലും രാഷ്‌ട്രവുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത ഒരു വിഷയം എടുക്കണം. ഡോക്ടര്‍ജി എങ്ങനെ ഇടപെടുമെന്ന് അറിയണമല്ലോ!

അങ്ങനെ അവര്‍ ഒത്തുകൂടി. ചര്‍ച്ചാ വിഷയം ഉറക്കം!
എല്ലാവരും ഉറക്കത്തെപ്പറ്റി വാചാലമായി സംസാരിച്ചു. ഡോക്ടര്‍ജിയുടെ ഊഴമെത്തി. എല്ലാവരും പറഞ്ഞതിനെപ്പറ്റിയൊക്കെ അഭിപ്രായം രേഖപ്പെടുത്തി. ഒടുവില്‍, ‘ഉറക്കം ശരീരത്തിന് ആവശ്യമാണല്ലോ. കുറഞ്ഞാല്‍ രോഗം, കൂടിയാല്‍ ക്ഷീണം, മടിയൊക്കെയുണ്ടാകും. അപ്പോള്‍ രാഷ്‌ട്രകാര്യം വേണ്ടപോലെ ചെയ്യാന്‍ പറ്റാതാവും. ശരിയായി രാഷ്‌ട്രസേവനം ചെയ്യണമെങ്കില്‍ ആരോഗ്യമുള്ള ശരീരം വേണം. അതിന് വേണ്ടത്ര അളവില്‍ ഉറക്കം ആവശ്യമാണ്.’ ഹെഡ്‌ഗേവാര്‍ പറഞ്ഞു നിര്‍ത്തി! എല്ലാവര്‍ക്കും ‘തൃപ്തിയായി!’ ഈ മനുഷ്യനെയും രാഷ്‌ട്രത്തെയും രണ്ടാക്കി നിര്‍ത്താന്‍ കഴിയില്ലെന്ന് അവര്‍ ഉറപ്പിച്ചു.

ഇതുപോലെതന്നെയാണ് ഹരിയേട്ടന്‍ എന്ന ആര്‍.ഹരിയുടെ കാര്യത്തിലും! ഏതു വിഷയം ചര്‍ച്ച ചെയ്താലും എല്ലാം സംഘടനയിലാണ് എത്തിക്കുക. സംഘടനാശാസ്ത്രത്തിന്റെ ആമൂലാഗ്രം ഇഴകീറി പരിശോധിക്കലാണ് ഹരിയേട്ടന്റെ പ്രധാന പഠിക്കലും പഠിപ്പിക്കലും. അത് ഏറ്റവും ലളിതമായി പറഞ്ഞും എഴുതിയും കേള്‍വിക്കാരിലും വായനക്കാരിലും ഉറപ്പിക്കാനുള്ള ഹരിയേട്ടന്റെ മിടുക്ക് പ്രസിദ്ധമാണ്.

ഗഹനമായ വിഷയം കുഞ്ഞുണ്ണിക്കവിതപോലെ ഏതാനും വാക്കുകള്‍കൊണ്ട് അദ്ദേഹം വരഞ്ഞു തീര്‍ക്കും. ‘ആകാരോ ഹ്രസ്വ:’ എന്ന വാക്ക് അക്ഷരത്തില്‍ ശരിയായതാണ് ഹരിയേട്ടനില്‍. ആ പ്രയോഗത്തിനു മറുപടിയായി, ‘നഹി നഹി, ആകാരോ ദീര്‍ഘ: അകാരോ ഹ്രസ്വ:’ എന്നു പറഞ്ഞതുപോലെയാണ് ഹരിയേട്ടന്‍ പറഞ്ഞത് വിശദീകരിക്കുമ്പോള്‍! കുറിയ ശരീരമുള്ളയാളുടെ കുറിയ വാക്കുകള്‍, കുറിയ ഉദാഹരണങ്ങള്‍! ആശയങ്ങളോ അതി വിപുലവും!

സംഘടനയെന്നാല്‍ ശരിയായി ഘടിപ്പിച്ചത് എന്നതിന് ഒരിക്കല്‍ പറഞ്ഞ ഉദാഹരണം ഇങ്ങനെയാണ്. സായിപ്പ് ബദ്ധപ്പെട്ട് മലയാളം പഠിച്ചു. ഒരിക്കല്‍ മലയാളം പഠിപ്പിച്ച മാഷ് ഒരു കുറിപ്പടി കൊടുത്ത് പച്ചമരുന്നുകടയില്‍ അയച്ചു. കടയില്‍ ചെന്ന സായിപ്പ് കടലാസ് നോക്കി, ചുക്കുമു- ളകുതി – പല്ലി എന്നു പറഞ്ഞു. കടക്കാരന് ഒന്നും മനസ്സിലായില്ല. കുറേ അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ മാത്രം!

ഒടുവില്‍ കടക്കാരന്‍ കുറിപ്പടി വാങ്ങി വായിച്ചു. ‘ചുക്കുമുളകുതിപ്പല്ലി’, അതായത്, ചുക്ക്, മുളക്, തിപ്പല്ലി! അക്ഷരങ്ങള്‍ ചേരുംപടി ചേരുമ്പോഴേ വാക്കുകള്‍ രൂപപ്പെടൂ. അതായത് ശരിയായി ഘടിപ്പിക്കണം. അതുപോലെയാണ് സംഘടനയും. ശരിയായി കൂട്ടിച്ചേര്‍ക്കണം, അപ്പോഴേ അര്‍ത്ഥവും ബലവും ഉണ്ടാകൂ. ഇതാണ് ‘ഹരിയേട്ടന്‍ പ്രഭാവം!’ (Hariyettan effect)

രാഷ്‌ട്രം, ധര്‍മ്മം, സംസ്‌ക്കാരം തുടങ്ങിയ ഗഹനങ്ങളായ വിഷയങ്ങള്‍ ഇത്രയും അയഗ്‌നലളിതമായി മറ്റാരും പറഞ്ഞും എഴുതിയും കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. സംസ്‌കാരം എന്നുള്ളത് ഭാവാത്മകമായി രൂപപ്പെടുത്തുന്നതാണ്. അത് അടിച്ചേല്‍പ്പിക്കുന്ന പരിശീലനമല്ല. ഒരേ കാര്യം ആവര്‍ത്തിച്ചു പറഞ്ഞ് അടിച്ചുറപ്പിക്കുന്നതാണ് മസ്തിഷ്‌ക്ക പ്രക്ഷാളനം അഥവാ ബ്രെയിന്‍ വാഷിംഗ്. അതിന് ഹരിയേട്ടന്‍ പച്ചമലയാളത്തില്‍ ഉപയോഗിച്ച വാക്ക് ”തലച്ചോറലക്കല്‍’എന്നാണ്! (തലച്ചോറ് അലക്കുക) ഇത്തരം നിരവധി പ്രയോഗങ്ങള്‍ ഹരിയേട്ടന്റെ ശൈലീസമ്പത്തില്‍ കാണാം.

സംഘം വളര്‍ത്തുന്ന അച്ചടക്കവും മറ്റുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്ന അച്ചടക്കവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നിടത്തും ഹരിയേട്ടന്‍ പ്രഭാവം കാണാം. സ്ഥാപനങ്ങളിലോ പാര്‍ട്ടികളിലോ ഒക്കെ ഡിസിപ്ലിനറി ആക്ഷന്‍ എന്നാല്‍ ‘എക്കാലത്തേയ്‌ക്കോ തല്‍ക്കാലത്തേയ്‌ക്കോ പുറത്താക്കപ്പെടുന്നു എന്നതാണ്. എന്നാല്‍ കുടുംബത്തിലെ അച്ചടക്കമുണ്ടാക്കുന്ന നടപടിയുടെ ഫലം വിധേയന്‍ ഒരുകാലത്തും പുറത്തു പോകുന്നില്ലെന്നു മാത്രമല്ല ഉള്ളില്‍ നിന്നുകൊണ്ടുതന്നെ നേരെയാകുന്നുവെന്നതാണ്.’ സംഘം ഒരു സാധാരണ സംഘടനയോ പാര്‍ട്ടിയോ അല്ല, അതിലുപരി കുടുംബമാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

രാഷ്‌ട്രനിര്‍മ്മാണത്തിനു പുറപ്പെടുന്നവര്‍ നമ്മുടെ ചരിത്രത്തെയും സംസ്‌ക്കാരത്തെയും അതിന്റെ തനത് അര്‍ത്ഥത്തില്‍ ഗ്രഹിക്കേണ്ടതുണ്ടെന്ന് ഹരിയേട്ടന്‍ ഓര്‍മ്മിപ്പിച്ചു. അടിസ്ഥാന ഗ്രന്ഥങ്ങളായിരിക്കണം പ്രമാണം. ക്ഷേത്രങ്ങളിലെ ‘നിര്‍മ്മാല്യദര്‍ശനം’ പോലെയായിരിക്കണം അത്. അപ്പോള്‍ മാത്രമാണല്ലോ ശരിയായി വിഗ്രഹത്തെ കാണാന്‍ കഴിയുക. പിന്നീട് പലപ്പോഴായി പലതും വച്ചുകെട്ടി തനതു പ്രതിഷ്ഠ കാണാന്‍ കഴിയാതാവുന്നു. അങ്ങനെ പോര പഠനം. ശരിയായ ജ്ഞാനയജ്ഞം കൊണ്ടേ യഥാര്‍ത്ഥ വസ്തുതകള്‍ ഗ്രഹിക്കാന്‍ കഴിയൂ. ‘കമ്പ്യൂട്ടറില്‍ വിരല്‍ത്തുമ്പുകള്‍ കുത്തി വിവരശകലങ്ങള്‍ പെറുക്കിയെടുത്തു വിദ്വത്വം ചമയുന്ന ‘പാന്‍കേക്കു’കള്‍ക്ക് ആ ജ്ഞാനയജ്ഞം സാധിച്ചെന്നു വരില്ല. എന്നാല്‍ ശരിയായ ഭാരതനിര്‍മ്മാണത്തിനു കച്ചകെട്ടി പുറപ്പെട്ട ബൗദ്ധികനായകന്മാര്‍ ആ ജ്ഞാനയജ്ഞത്തിന് ഒരുങ്ങുകതന്നെ വേണം. കടലിന്റെ അടിത്തട്ടുതപ്പുന്നവന്റെ കയ്യിലേ രത്‌നങ്ങള്‍ വന്നു ചേരൂ. അക്കൂട്ടരെയാണ് സര്‍ഗാത്മകന്യൂനപക്ഷം എന്നു വിളിക്കുന്നത്.’ ഇതിലെ, ‘കടലിന്റെ അടിത്തട്ടു തപ്പുന്നവന്റെ കയ്യിലേ രത്‌നങ്ങള്‍ വന്നു ചേരൂ’ എന്നതാണ് ഹരിയേട്ടന്‍ ഇഫക്ട്!

ഒരു രചന ഹരിയേട്ടന്റേതാണോ എന്ന് ഏതു കുട്ടിക്കും തിരിച്ചറിയാന്‍ കഴിയും; രണ്ടു കാര്യങ്ങള്‍ നോക്കിയാല്‍ മതി. ഒന്ന്, കുറിയ വാക്യങ്ങളായിരിക്കും. മറ്റൊന്ന്, ഉദാഹരണങ്ങള്‍ നമ്മള്‍ എപ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണ കൊച്ചു കൊച്ചു കാര്യങ്ങളായിരിക്കും. ഗൗരവമേറിയ മറ്റൊരടയാളം, ഹരിയേട്ടന്റെ എഴുത്തു മുഴുവന്‍ സ്വന്തം കൈപ്പടയിലാണ്. ആരോടും പറഞ്ഞുകൊടുത്ത് എഴുതിക്കാറില്ല. അതില്‍ത്തന്നെ ഒരു സവിശേഷതയുള്ളത്, നോട്ടുബുക്കിന്റെ വലത്തേ പുറത്താണ് എഴുതുക. ഇടതുവശത്തെ പുറം കാലിയാക്കിയിടും. പിന്നീട്, തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ അഭിപ്രായമോ എഴുതാനാണ് ഈ ഇടതുപുറം കാലിയാക്കിയിടുന്നതിന്റെ ഉദ്ദേശ്യം. ഏറ്റവും അവസാനമെഴുതിയത് ‘പരമഹംസധ്വനികള്‍’ എന്ന ചെറുപുസ്തകമാണ്. അതു തീര്‍ത്ത്, പേന പൂട്ടി, ‘എഴുത്ത് സംന്യാസം’ പ്രഖ്യാപിച്ചു. കയ്യെഴുത്താണ് പ്രമാണം എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഈ ‘പേനപൂട്ടല്‍ പ്രകിയ.’

”എന്റെ ഈ യാത്രയ്‌ക്കുമുണ്ട് നാലാശ്രമങ്ങള്‍. 1948ലാണ് എന്റെ കന്നി ലേഖനം ഇംഗ്ലീഷില്‍ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചത്. അന്നുമുതല്‍ 1952 വരെ ഞാന്‍ സരസ്വതീസേവനത്തിന്റെ പ്രഥമാശ്രമത്തിലായിരുന്നു. 1953 മുതല്‍ 2006 വരെ അരനൂറ്റാണ്ടുകാലം ഞാന്‍ സാഹിത്യഗാര്‍ഹസ്ഥ്യത്തിലായിരുന്നു. അക്കാലത്തെ സുവര്‍ണ്ണ ഘട്ടമായിരുന്നു പരമപൂജനീയ ഗുരുജിയുടെ വാക്ക് സമാഹാരത്തിന്റേത്. വയസ്സായതോടെ എല്ലാ സംഘടനാ ചുമതലകളില്‍നിന്നും മുക്തനായി. അതോടെ എന്റെ സാഹിത്യ വാനപ്രസ്ഥം തുടങ്ങി. അത് ഇന്നുവരെ തുടര്‍ന്നു (2023). വാനപ്രസ്ഥത്തില്‍ ആരണ്യകങ്ങള്‍ പോലെ, ഇക്കാലാവധിയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് വേദേതിഹാസങ്ങളായിരുന്നു. മഹാവിഭൂതികളുടെ അമുല്യ ജീവിതങ്ങളുമായിരുന്നു.’

‘ഒടുവിലത്തേത് സാഹിത്യ സംന്യാസം. അവിടെ കടക്കേണ്ടത് വെറും കയ്യോടെയാണ്. കയ്യിലെ കടലാസും പേനയും മന്ദാകിനിയില്‍ വലിച്ചെറിഞ്ഞു വേണം കേദാരമസ്തകത്തിലെത്താന്‍. ഉള്‍ക്കണ്ണുകൊണ്ടു നോക്കിയാല്‍ പ്രവേശന ഗോപുരത്തില്‍ തന്നെ കൊത്തിയിട്ടിരിക്കുന്നതു കാണാം. മൗനം തന്നെ മഹാമന്ത്രം. അതുള്‍ക്കൊണ്ട് ഞാന്‍ അകത്തു പ്രവേശിക്കട്ടെ.’

എഴുത്തു തുടങ്ങി ദശാബ്ദങ്ങളോളം സംഘടനാ ആവശ്യം എന്ന നിലയ്‌ക്കായിരുന്നു അതു ചെയ്തിരുന്നത്. പിന്നീട് അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതല ഒഴിഞ്ഞ ശേഷമാണ് മുഖ്യമായും ഇതര വിഷയങ്ങളിലേക്കു തിരിഞ്ഞത്. അപ്പോഴാണ് പാടിപ്പതിഞ്ഞതും കേട്ടുകേള്‍വികളും മാത്രമായിരുന്ന പല ഇതിഹാസ കഥകളുടെയും കാമ്പും വേരും എടുത്തുകാണിച്ചുള്ള എഴുത്തുകള്‍ ഉണ്ടായത്. മഹാഭാരതത്തിലെ മുഖ്യ കഥാപാത്രങ്ങളെക്കുറിച്ചുള്ള നേര്‍ക്കാഴ്ചകള്‍; രാമായണകഥ എന്ന പേരില്‍ നാം കേട്ടിരുന്ന പലതിന്റെയും ‘അരുളും പൊരുളും’ ഒക്കെ വീണുകിട്ടിയത്. ചരിത്രവിഷയം എന്ന നിലയില്‍ ഗോവ ഇന്‍ക്വിസിഷന്‍ എന്ന ക്രൂരഹത്യയുടെ യഥാര്‍ത്ഥ ചരിത്രം ലക്ഷ്മീകാന്ത വെങ്കടേശ പ്രഭു ഭേംബ്രേയുടെയും എ.കെ. പ്രിയോള്‍ക്കറുടെയും രചനകളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ‘ഗോവയിലെ മതം മാറ്റം കഥയും വ്യഥയും’ എന്ന പുസ്തകം ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് ഗ്രന്ഥമാണ്. ഗോവയില്‍നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്തതിന്റെ സാംഗത്യത്തെപ്പറ്റിയും പോരേണ്ടി വന്നതിന്റെ സാഹചര്യത്തെപ്പറ്റിയും ഹരിയേട്ടനും പരമേശ്വര്‍ജിയും പലപ്പോഴും സംവാദത്തില്‍ ഏര്‍പ്പെട്ടതിന് ഈ ലേഖകന്‍ സാക്ഷിയാണ്.

ഹരിയേട്ടനെ ഭാരതത്തിന്റെ ഇതര പ്രദേശങ്ങളിലുള്ളവര്‍ ഹരിജി എന്നാണ് വിളിച്ചുതുടങ്ങിയത്. അവിടെ പൊതുവെ അതു പോര, ഗോത്രനാമവും ഒക്കെ ചേര്‍ത്ത് നീളമുള്ള പേരാണ് എല്ലാവര്‍ക്കും. അതുകൂടി ചേര്‍ത്തു പറയാന്‍ പലരും നിര്‍ബ്ബന്ധിച്ചു. അപ്പോഴാണ് അവര്‍ക്കു തൃപ്തിയും മലയാളി പ്രവര്‍ത്തകര്‍ക്ക് സമാധാനവും കിട്ടുന്ന തരത്തില്‍ രംഗ ഹരി എന്നാക്കിയത്. രംഗ എന്നത് അച്ഛന്റെ പേരിന്റെ ഭാഗമാണല്ലോ. ഇപ്പോള്‍ ഏതാണ്ട് എല്ലാവരും ഹരിയേട്ടന്‍ എന്നതില്‍ എത്തിച്ചേര്‍ന്നു.

ഒരു സംഘടനാ പ്രവര്‍ത്തകന്‍ പലപ്പോഴും നിശ്ശബ്ദമായി പലതും സഹിക്കേണ്ടി വരും! ഒരിക്കല്‍ ഏതോ ഒരു ശിബിരം നടന്നപ്പോള്‍ അവിടുത്തെ വ്യവസ്ഥകളെല്ലാം താറുമാറായി. ഇതു കണ്ട മുതിര്‍ന്ന അധികാരി (യാദവറാവുജിയാണെന്നു തോന്നുന്നു) കഠിനമായി വഴക്കു പറഞ്ഞു. അതേപ്പറ്റി ഹരിയേട്ടന്‍ പറഞ്ഞത്, ‘കുറച്ചു സമയത്തേക്ക് എനിക്ക് ഹിന്ദി തീരെ മനസ്സിലായില്ല’ എന്നാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, കൊങ്ങിണി, മറാത്തി അടക്കം ഒരു ഡസനോളം ഭാഷ മനസ്സിലാവുന്നയാളാണ് ഇതു പറഞ്ഞതെന്നോര്‍ക്കണം! ഒന്നും കേട്ടില്ല എന്നു വിചാരിച്ചുകൊണ്ട് തുടര്‍ന്നും പ്രവര്‍ത്തിച്ചു. അത്തരം നിശ്ശബ്ദ സഹനങ്ങളില്‍ കൂടിയാണ് ഒരു സ്വയംസേവകന്‍ കാര്യകര്‍ത്താവായി, നേതൃപാടവമുള്ളയാളായി വളരുന്നത്. ഇത്തരം അനുഭവങ്ങള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാവും. അല്ലാത്തവരൊക്കെ ഇടയ്‌ക്കുവച്ച് പ്രവര്‍ത്തനം നിര്‍ത്തി പോയിട്ടുമുണ്ടാകും.

ഒരു സംഘടനാപ്രവര്‍ത്തകന്, വിശേഷിച്ചും സംഘാടകനുവേണ്ട പ്രധാനപ്പെട്ട രണ്ടു ഗുണങ്ങള്‍ സഹനവും വിനയവുമാണ് എന്ന് പലപ്പോഴും ഈ ലേഖകന് തോന്നിയിട്ടുണ്ട്! ഉന്നതമായ സ്ഥാനമാനങ്ങള്‍ പലര്‍ക്കും പല കാരണം കൊണ്ടും കിട്ടിയേക്കാം. പക്ഷെ വിജയിച്ച പ്രവര്‍ത്തകന്‍ എന്ന വിശേഷണത്തിന് ഈ രണ്ടു മുന്‍നിലകള്‍ ആവശ്യമാണ്.

ഹിന്ദുത്വത്തിന്റെ ഉണര്‍വ്വിന് രണ്ടു വശമുണ്ടെന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഒന്ന്, പ്രതിരോധപരവും മറ്റൊന്ന്, ലോകസംഗ്രഹപരവും! കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ പിടിച്ചെടുക്കല്‍, മലപ്പുറത്തെ തളിക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം, അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയവയൊക്കെ പ്രതിരോധപരമായ ഉണര്‍വ്വിന്റെ അടയാളങ്ങളാണ്. ‘പശുവിനെ ഉപദ്രവിക്കാന്‍ പോവുകയാണെന്നു കണ്ടാല്‍ അത് കൊമ്പു കുലുക്കി കുത്താന്‍ വരും. എന്നാല്‍ സ്‌നേഹത്തോടെ തലോടി കിടാവിനെ മുന്നില്‍ നിര്‍ത്തിക്കൊടുത്താലോ, നിറഞ്ഞ ഹൃദയത്തോടെ അത് അകിടില്‍നിന്ന് വാത്സല്യത്തിന്റെ അമൃതം പാലിന്റെ രൂപത്തില്‍ ചുരത്തിത്തരും.’ അതാണ് ലോകസംഗ്രഹപരമായ പ്രവര്‍ത്തനങ്ങള്‍.

ഇത് ഹിന്ദുത്വത്തിന്റെ എക്കാലത്തെയും സ്വഭാവമായിരുന്നു. അത് ഇടക്കാലത്ത് നഷ്ടപ്പെട്ടതാണ് ആക്രമണങ്ങളുടെയും അധ:പതനത്തിന്റെയും അടിമത്തത്തിന്റെയും കാരണം. അതിനെ ചൂണ്ടിക്കാട്ടുകയായിരുന്നു ഹരിയേട്ടന്‍. അതായത് എക്കാലവും ഈ രണ്ടുതരം പ്രവര്‍ത്തനവും അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍. ആത്മരക്ഷയുടെ കാര്യത്തില്‍ അലംഭാവം അരുത് എന്നതിന് പലപ്പോഴും ഇതിഹാസത്തിലെ കാമധേനുവിന്റെ കഥ പറയാറുണ്ടായിരുന്നു. രാജാവായ വിശ്വാമിത്രന്‍ വേട്ടയ്‌ക്കു കാട്ടില്‍ വന്നപ്പോള്‍ അതിഥിസല്‍ക്കാരം നടത്തിയ വസിഷ്ഠന്റെ കഥ! സല്‍ക്കാരത്തിനു വേണ്ടതെല്ലാം നല്‍കിയത് കാമധേനുവാണെന്നു പറഞ്ഞപ്പോള്‍ അതിനെ പിടിച്ചുകൊണ്ടുപോകാന്‍ തുനിഞ്ഞ വിശ്വാമിത്രന്റെ അഹങ്കാരം. ശാന്തമായി നിലകൊണ്ട പശു സ്വയരക്ഷയ്‌ക്ക് മുക്രയിട്ട് വിശ്വാമിത്ര സൈന്യത്തെ മുച്ചൂടും മുടിച്ചതു പോലെയായിരിക്കണം ഭാരതവും! കടന്നുവരുന്ന കാപാലികരോടു കണക്കുതീര്‍ക്കാനുള്ള തന്റേടവും ആത്മവിശ്വാസവും നാം സമൂഹത്തില്‍ സൃഷ്ടിക്കണമെന്നതാണ് ഉണര്‍വ്വിന്റെ അടയാളമായി ഹരിയേട്ടന്‍ അവതരിപ്പിക്കുന്നത്. ഒപ്പം ഭാവാത്മകമായ നമ്മുടെ സംസ്‌കാരത്തിന്റെ വിത്തുകളെ ലോകനന്മയ്‌ക്കായി വിതരണം ചെയ്യുന്ന പ്രക്രിയയും സമാന്തരമായി ചെയ്യണം.

ഹരിയേട്ടന്റെ അടയാളങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയാണ്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കുരുക്ഷേത്ര ഇറക്കിയ ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍ ചെലവഴിച്ച ഒറ്റപ്പാലത്തിനടുത്ത് മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ വച്ചായിരുന്നു ചടങ്ങ്. മെട്രോമാന്‍ ഇ.ശ്രീധരനായിരുന്നു മുഖ്യാതിഥി. പരിപാടിക്കു മുന്നേ എത്തിയ ശ്രീധരന്‍ സാര്‍ ഹരിയേട്ടന്റെ അരികിലെത്തി. നമ്മള്‍ മുന്നേ തമ്മില്‍ കണ്ടിട്ടില്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം സംഭാഷണം ആരംഭിച്ചു. ഹരിയേട്ടന്‍ പറഞ്ഞു അങ്ങനെയല്ല, നമ്മള്‍ തമ്മില്‍ മൂന്നുതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു തവണ പാലക്കാട് വച്ചും പിന്നീട് രണ്ടു തവണ ദല്‍ഹിയില്‍ വച്ചും. അന്ന് ഇന്നയിന്ന കാര്യങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്തത്. അത്രയും പറഞ്ഞപ്പോഴാണ് ശ്രീധരന്‍ സാറിന്റെ ഓര്‍മ്മച്ചെപ്പിന്റെ പൂട്ടു തുറന്നത്.

അഖിലഭാരത ചുമതലയില്‍ ഇരിക്കുമ്പോഴാണ് ഗുരുതരമായ ഒരപകടത്തില്‍ പെട്ടത്. ശിരസ്സിനേറ്റ കഠിനമായ പരിക്കില്‍ ഓര്‍മ്മകള്‍ അപ്പാടെ നഷ്ടപ്പെട്ടു. എന്തിന്, പേരും അക്ഷരങ്ങള്‍ പോലും മറന്നു എന്ന് ഹരിയേട്ടന്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. പിന്നീട്, എന്തത്ഭുതം എന്നറിയില്ല, ഓരോ കോശങ്ങളില്‍നിന്നെന്നവണ്ണം, എവിടെയോ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞുവന്നു. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഗൂഗിള്‍ സ്റ്റോറേജില്‍ നിന്നും മെമ്മറി കാര്‍ഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്തതുപോലെ! ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെല്ലാം ഇതൊരത്ഭുതമായിരുന്നു. വൈദ്യശാസ്ത്രം പോലും മിഴിച്ചുനിന്ന അത്ഭുതക്കാഴ്ച! ഉപാസനയുടെ ബലംകൊണ്ടാണോ ഓര്‍മ്മിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ മന്ത്രസിദ്ധികൊണ്ടാണോ എന്നറിയില്ല, പഴയതിലും തീഷ്ണമായ ഓര്‍മ്മകളുമായാണ് ഹരിയേട്ടന്റെ ‘പുനര്‍ജ്ജന്മം’!

ഏതു ശക്തനും ചില സാഹചര്യങ്ങളില്‍ ശിശുവിനെപ്പോലെ പെരുമാറും. അവിടെ സ്ഥാനവും അധികാരവും അഭിമാനവും അഹങ്കാരവുമെല്ലാം ഒലിച്ചുപോകും! ആരുടെ ജീവിതത്തിലും ഇത്തരം ചില സന്ദര്‍ഭങ്ങളുണ്ടാവാറുണ്ട്. യാദവറാവുജി എന്ന കരുത്തനായ സംഘസാരഥി അവസാന നാളുകളില്‍ ആലുവയില്‍ ചികിത്സയിലായിരുന്നു. ആദ്യം ഡോ: രാഘവന്റെ ആയുര്‍വ്വേദ ചികിത്സ. ഇടയ്‌ക്ക് രോഗം മൂര്‍ച്ഛിച്ച് കാര്‍മ്മല്‍ ആശുപത്രിയിലേക്കു മാറ്റി. പല മുതിര്‍ന്ന പ്രചാരകന്മാരും കാണാന്‍ വന്നുകൊണ്ടിരുന്നു.

വരാന്‍ പോകുന്ന സംഘശിക്ഷാവര്‍ഗിനെ സംബന്ധിച്ച ബൈഠക് കഴിഞ്ഞ് ഹരിയേട്ടനും സേതുവേട്ടനും മറ്റും യാദവറാവുജിയെ കാണാന്‍ വന്നു. പരമേശ്വര്‍ജിയും കൂടെയുണ്ട്. ശരീരമാസകലമുളള കഠിനമായ വേദനയിലും അവ്യക്തമായി വാക്കുകള്‍ പുറപ്പെടുവിക്കുന്ന അവസ്ഥ. അല്‍പ്പമാത്രം ചലിക്കാന്‍ പോലും പരസഹായം വേണം. ഹരിയേട്ടനും സേതുവേട്ടനും വെറും കുട്ടികളെപ്പോലെ സംസാരിച്ചു. ഉള്ളിലെ കടലിരമ്പത്തിന്റെ തീവ്രതയില്‍ പരമേശ്വര്‍ജി മൗനം പൂണ്ടു! ഒരു ശിശുവിനെപ്പോലെ ഹരിയേട്ടന്‍ വിതുമ്പി. യാദവറാവുജിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കണ്ടുനിന്നവര്‍ തേങ്ങി. ഇനിയൊരു സന്ധിക്കലിന് സാദ്ധ്യതയില്ല. യാദവറാവുജിയുടെ അവ്യക്തമെങ്കിലും സുദൃഢമായ വാക്കുകള്‍! ‘Take courage, move forward and conquer the world, conquer the world….!’ ‘പേക്കിനാവിലുമുളളിലുല്‍ക്കട സംഘനിഷ്ഠ ജ്വലിക്കണം’ എന്ന വരികള്‍ ഉള്ളിലേക്കു തള്ളി വന്നു.

(വാക്കുകള്‍ ഇങ്ങനെതന്നെയോ പറഞ്ഞതെന്ന് നൂറുശതമാനം ഉറപ്പില്ല. ആ സമയം ആലുവയില്‍ താലൂക്ക് പ്രചാരകനായിരുന്ന ഈ ലേഖകന്‍ വികാരതീവ്രമായ ഈ രംഗത്തിനു സാക്ഷിയായിരുന്നു. ആ വൈകാരിക പശ്ചാത്തലത്തില്‍ അന്നു രാത്രി – 1992 ഏപ്രില്‍ 9- ഒരു തുണ്ടുകടലാസില്‍ കുറിച്ചു വച്ചതാണ്! കണ്ണു തുടച്ച്, കാല്‍തൊട്ടു വന്ദിച്ച് ഹരിയേട്ടനും കൂടെ വന്നവരും മടങ്ങി.

വ്യക്തിബന്ധങ്ങളെ വികാരതീവ്രതയോടെ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വം. അതിനുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുമായിരുന്നു.

ഏതു കാര്യത്തിലും യുക്തിയും ശാസ്ത്രവും കൊണ്ട് വിശകലനം ചെയ്യാനുള്ള കഴിവ്, തര്‍ക്കശുദ്ധമായി അതിനെ അവതരിപ്പിക്കാനുള്ള വൈഭവം, രസകരമായി അതിനെ കേള്‍പ്പിക്കാനുള്ള വിരുത് ഇതൊക്കെ ഹരിയേട്ടനു മാത്രം സ്വന്തം! ആ വാഗ്മിതയുടെ മുന്നില്‍, ആ സംഘാടകപടുത്വത്തിനു മുന്നില്‍, അവയുടെ ഉടല്‍പൂണ്ട ഹരിയേട്ടന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സാഷ്ടാംഗ നമസ്‌ക്കാരം!

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക