India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

Published by

ന്യൂദല്‍ഹി: ഈ ഉത്സവ സീസണില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രചാരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആത്മനിര്‍ഭര്‍ ഭാരത് കാമ്പയിന്‍ നമ്മുടെ പൊതു ബോധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പത്തുവര്‍ഷം മുമ്പ്, ഭാരതത്തില്‍ ചില സങ്കീര്‍ണ്ണ സാങ്കേതിക വിദ്യകള്‍ വികസിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോള്‍ ആരും അത് വിശ്വസിച്ചില്ല, പലരും പരിഹ സിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് അതേ ആളുകള്‍ നമ്മുടെ നാടിന്റെ വിജയം കണ്ട് അമ്പരന്നുനില്‍ക്കുന്നു. എല്ലാ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഭാരതം ഇന്ന് സ്വയം പര്യാപ്തത കൈവരിച്ചു മുന്നേറുന്നു.

ഒരു കാലത്ത് മൊബൈല്‍ ഫോണുകളുടെ ഇറക്കുമതിക്കാരായിരുന്ന ഭാരതം ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മാതാവായി മാറി. ഒരിക്കല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയിരുന്ന ഭാരതം ഇന്ന് 85 രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്നു. ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇന്ന് ഭാരതം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യത്തെ രാജ്യമായി മാറി. സ്വാശ്രയ ഭാരതം എന്നത് ഒരു സര്‍ക്കാര്‍ പ്രചരണം മാത്രമല്ല, മറിച്ച് ഇത് ഒരു ബഹുജന പ്രചരണമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നമുക്ക് വിജയം കൈവരിക്കാന്‍ കഴിയുന്നു.

ലഡാക്കിലെ ഹാന്‍ലെയില്‍ ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ ഏറ്റവും വലിയ ഇമേജിങ് ടെലിസ്‌കോപ്പ് സ്വാശ്രയ ഭാരതത്തിന്റെ ശക്തിയാണെന്നും അത് ഭാരതത്തില്‍ നിര്‍മിച്ചതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതം സ്വയംപര്യാപ്തത കൈവരിച്ചതിന്റെയും അതിനുള്ള ശ്രമങ്ങളുടെയും പരമാവധി ഉദാഹരണങ്ങള്‍ പങ്കിടുകയും സ്വാശ്രയഭാരതത്തെ ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രം ഓര്‍ത്തുകൊണ്ട് സാധനങ്ങള്‍ വാങ്ങുക. ഇത് പുതിയ ഭാരതമാണ്, ഇവിടെ അസാധ്യം എന്നത് ഒരു വെല്ലുവിളി മാത്രമാണ്. ഇവിടെ മേക്ക് ഇന്‍ ഇന്ത്യ ഇപ്പോള്‍ മേക്ക് ഫോര്‍ വേള്‍ഡ് ആയി മാറിയിരിക്കുന്നു, ഇവിടെ ഓരോ പൗരനും ഒരു നൂതനാശയക്കാരാണ്, ഓരോ വെല്ലുവിളിയും അവസരമാണ്. നമുക്ക് ഭാരതത്തെ സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം നവീകരണത്തിന്റെ ആഗോള ശക്തികേന്ദ്രമായി പുഷ്ടിപ്പെടുത്തുകയും വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക ആനിമേഷന്‍ ദിനത്തോടനുബന്ധിച്ച് ഭാരതത്തെ ആഗോള ആനിമേഷന്‍ പവര്‍ഹൗസാക്കി മാറ്റുന്നതിനെക്കുറിച്ച് മോദി സംസാരിച്ചു. ആനിമേഷന്‍ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള പാതയിലാണ് ഭാരതം. ഭാരതത്തിന്റെ ഗെയിമിങ് മേഖലയും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. ആനിമേഷന്‍ ലോകത്ത് മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ബൈ ഇന്ത്യന്‍സ് എന്ന വാചകം പ്രബലമായിരിക്കുന്നു. ഭാരതത്തിലെ ആനിമേഷന്‍ സ്റ്റുഡിയോകള്‍ ഇപ്പോള്‍ ഡിസ്നി, വാര്‍ണര്‍ ബ്രദേഴ്സ് തുടങ്ങിയ പ്രശസ്ത നിര്‍മാണ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ റിയാലിറ്റി ടൂറിസത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ചും മോദി സംസാരിച്ചു.

നമ്മുടെ യുവാക്കള്‍ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമുള്ള യഥാര്‍ത്ഥ ഭാരതീയ ഉള്ളടക്കം സൃഷ്ടിക്കുകയാണ്. അവര്‍ ലോകമെമ്പാടും നിരീക്ഷിക്കപ്പെടുന്നു. ആനിമേഷന്‍ മേഖല ഇന്ന് മറ്റു വ്യവസായങ്ങള്‍ക്ക് ശക്തി പകരുന്ന ഒരു വ്യവസായമേഖലയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റി ടൂറിസം ഇന്ന് പ്രശസ്തമാണ്. ഭാരതത്തെ ആഗോള ആനിമേഷന്‍ ശക്തികേന്ദ്രമാക്കി മാറ്റാന്‍ നാം ദൃഢനിശ്ചയം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക