ഭാരതം സ്വന്തം നാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു വ്യാഴവട്ടമായി തുടരുന്ന അപരാജിത കുതിപ്പാണ് കഴിഞ്ഞ ദിവസം കിവീസ് കരുത്തില്‍ അവസാനിച്ചത്. ചരിത്ര നേട്ടം കൊയ്താണ് ന്യൂസിലന്‍ഡ് ഭാരത ടെസ്റ്റ് ടീമിന് ആഘാതം ഏല്പിച്ചത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇടയ്ക്കിടെ പെയ്ത മഴയെ പഴി ചാരാം. എന്നാല്‍ പൂനെയിലെ തോല്‍വിക്ക് ഉത്തരങ്ങളില്ല. രണ്ടാം ടെസ്റ്റിന് പൂനെയിലെത്തുമ്പോള്‍ കാര്യങ്ങളെല്ലാം ഭാരതത്തിന് അനുകൂലമായിരുന്നു. നേരത്തെ ക്യാമ്പ് ചെയ്ത് പിച്ച് വിലയിരുത്താനും ആസൂത്രണം ചെയ്യാനും ആവശ്യത്തിന് സമയം ലഭിച്ചു. മത്സരം നടന്ന എംസിഎ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് സമയവും കിട്ടി. സ്ഥലവും സാഹചര്യങ്ങളും പരിചിതമായിരുന്നിട്ടും 113 റണ്‍സിനാണ് ഭാരതം തോറ്റത്. പരിചയ സമ്പന്നരായ ബാറ്റര്‍മാര്‍ കളിമറന്നതാണ് കാരണമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ പറയാവുന്ന തോല്‍വിയായിരുന്നു പൂനെയിലേത്.
സമാനമായ പ്രതിസന്ധി മുമ്പും ഭാരതം നേരിട്ടിട്ടുണ്ട്. ഒരു വ്യാഴവട്ടം മുമ്പാണത്. മുന്‍ നിരയില്‍ വീരേന്ദര്‍ സേവാഗ്, മൂന്നാം നമ്പറില്‍ വന്മതിലായി രാഹുല്‍ ദ്രാവിഡ്, നാലാം നമ്പറില്‍ സച്ചിന് തെണ്ടുല്‍ക്കര്‍, പിന്നാലെ ആവശ്യമറിഞ്ഞ് ഇന്നിങ്സ് പടുക്കാനും റണ്‍സ് നേടാനും കരുത്തനായ വി.വി.എസ് ലക്ഷ്മണ്, സൗരവ് ഗാംഗുലി… ഇങ്ങനെയായിരുന്നു ലോകം കണ്ട എക്കാലത്തെയും മികച്ച ഭാരതത്തിന്റെ ബാറ്റിങ് ലൈനപ്പ്. ഒന്നര പതിറ്റാണ്ടോളം ഭാരത ക്രിക്കറ്റിനെ ചുമലിലേറ്റിയ ഈ ബാറ്റിങ് ലൈനപ്പിന് ചേര്‍ന്ന സ്ഥിരതയാര്‍ന്ന പേസ് ബൗളിങ് നിര ഇല്ലാതെ പോയതാണ് അക്കാലത്തെ പോരായ്മ. അവരുടെ സുവര്‍ണശോഭ മങ്ങിത്തുടങ്ങിയത് 2010-2013 കാലത്താണ്. സച്ചിന്റെ വിരമിക്കലോടെ ആ തലമുറയുടെ കളി കാണാന്‍ പിന്നീട് ടിവി റീപ്ലേകളെ ശരണം പ്രാപിക്കേണ്ട അവസ്ഥയായി.
അക്കാലത്താണ് ഭാരതം സ്വന്തം മണ്ണില്‍ ഇതിന് മുമ്പ് അവസാനമായി ടെസ്റ്റ് പരമ്പര അടിയറവച്ചത്. 2012ല്‍ നാല് മത്സരങ്ങള്‍ക്കായി ഇവിടെയെത്തിയ ഇംഗ്ലണ്ടിനോട് 2-1ന് തോല്‍ക്കുകയായിരുന്നു. ആദ്യ മത്സരം സ്വന്തമാക്കിയ ഭാരതം രണ്ടും മൂന്നും മത്സരങ്ങളില്‍ തോറ്റു. നാലാമത്തെയും അവസാനത്തെയും മത്സരം സമനിലയിലായി.
അന്നത്തെ ബാറ്റിങ് നിര കളമൊഴിയുമ്പോഴേക്കും അടുത്ത നിര ഉണര്ന്നുവന്നുകഴിഞ്ഞിരുന്നു. മികച്ച തുടക്കം നല്കി വമ്പന്‍ ഇന്നിങ്സിന് ശേഷിയുള്ള സേവാഗിന്റെ സ്ഥാനത്ത് രോഹിത് ശര്‍മയെത്തി. വന്മതില് രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനത്ത് ചേതേശ്വര്‍ പൂജാര ഉദിച്ചു. സച്ചിന്റെ വിഖ്യാതമായ നാലാം നമ്പറില്‍ വിരാട് കോഹ്ലി എത്തി. ലക്ഷ്മണിന്റെയും ഗാംഗുലിയുടെയും സ്ഥാനം കൈയാളാന്‍ അജിങ്ക്യ രഹാനെയും കെ.എല്‍. രാഹുലും ഇറങ്ങി. ഇക്കാലത്ത് ഏറെ നേട്ടങ്ങള്‍ കൊയ്തു. ഇംഗ്ലണ്ടില്‍ പരമ്പര, തുടരെ രണ്ട് തവണ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പരമ്പര നേട്ടം.
സ്ഥിരത പുലര്‍ത്താതെയുള്ള പ്രകടനത്തിലേക്ക് പൂജാര വഴുതിയതോടെ വീണ്ടും പാളിച്ചകളുടെ കാലമായി. തുടര്‍ച്ചയായി ഫോം നഷ്ടപ്പെട്ട പൂജാരയെ കുറിച്ച് സെലക്ടര്‍മാര്‍ മറന്നുതുടങ്ങി. രോഹിത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയമായി. കോഹ്ലി മങ്ങിയും തിളങ്ങിയും നില്ക്കുന്നു. രഹാനെയെയും പുറത്താണ്.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തിന് തൊട്ടുമുമ്പ് ഭാരത കോച്ച് ഗൗതംഗംഭീര്‍ കെ.എല്‍. രാഹുലിനെ കുറിച്ച് വാചാലനായെങ്കിലും അവസാന ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ധൈര്യം കാട്ടിയില്ല. ആദ്യ മത്സരത്തില്‍ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനെ പകരം ടീമിനൊപ്പം കൂട്ടി. ഗംഭീറിന്റെ ഈ തീരുമാനം ഭാരത ബാറ്റിങ് ലൈനപ്പിന്റെ ബാറ്റണ്‍ കൈമാറലായി കണക്കാക്കാം. ഓപ്പണിങ് സ്ഥാനത്ത് സേവാഗിനെ പോലെ, രോഹിത്തിനെ പോലെ ആക്രമണോത്സുകതയോടെ കളിക്കുന്ന യശസ്വി ജയ്സ്വാളിന്റെ മികവിനെ മുതല്ക്കൂട്ടാക്കാം. രാഹുല്‍ ദ്രാവിഡിനും പൂജാരയ്ക്കും പിന്‍ഗാമി ഉയര്‍ന്നുവന്നിട്ടില്ല. സച്ചിന്റെയും കോഹ്ലിയുടെയും റോളില്‍ ഋഷഭ് പന്ത് പ്രതീക്ഷ നല്‍കുന്നുണ്ട്. ലക്ഷ്മണിന്റെയും രഹാനെയുടെയും സ്ഥാനത്തേക്ക് സര്‍ഫറാസും ഉയരും.
അന്തിമ വിലയിരുത്തലിന് സമയമായോ എന്ന് പരിശോധിക്കാനുള്ളതായിരിക്കാം ന്യൂസീലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും വാംഖഡെ ടെസ്റ്റ്. പരമ്പര നേടിയതുകൊണ്ട് കിവീസ് അടങ്ങിയിരിക്കില്ല. കാരണം മുന്നില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: