ടെല്‍ അവീവ് :ഇറാന് നേരെ ഇസ്രയേല്‍ ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഹെസ്ബുള്ള എന്ന തീവ്രവാദസംഘടന ലെബനനില്‍ നിന്നും അയച്ച റോക്കറ്റുകള്‍ തകര്‍ത്ത് ഇസ്രയേല്‍.
ഹെസ്ബുള്ള ലെബനനില്‍ നിന്നും അയച്ച ഏകദേശം 190 റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. അയേണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധസംവിധാനമാണ് ഹെസ്ബുള്ള അയച്ച മിസൈലുകള്‍ തകര്‍ത്തത്. ഇത് ഇറാനെതിരെ ഇസ്രയേല്‍ ഒക്ടോബര്‍ 26ന് നടത്തിയ ആക്രമണത്തിനുള്ള ഹെസ്ബുള്ള തീവ്രവാദസംഘടനയുടെ പകരം വീട്ടലാണെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന് ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതിന് പ്രതികാരമെന്നോണമാണ് ശനിയാഴ്ച ഇസ്രയേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമണം നടത്തിയത്.
യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; ഇന്ത്യയ്ക്ക് ആശങ്ക
പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടുന്ന യുദ്ധകാര്‍മേഘം ഇന്ത്യയെയും ആശങ്കയില്‍ ആഴ്ത്തുന്നു. ഇറാന് പിന്തുണയുള്ള ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി റെബലുകള് എന്നിവര്‍ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ പ്രത്യാക്രമണങ്ങള്‍ നടത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് മധ്യേഷ്യയിലാകെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ ചരക്ക് നീക്കങ്ങളും അന്താരാഷ്ട്രവ്യാപരങ്ങളും സ്തംഭിക്കും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മേഖലയെ തള്ളിനീക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ്, ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനെതിരെ നടത്തിയ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് പരസ്യപ്രസ്താവന നടത്തിയത്.
ഇസ്രയേലിനെതിരെ മിസൈലുകള്‍ അയയ്ക്കാന്‍ സാധ്യതയുള്ള ഇറാന്റെ കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്കുന്ന കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് പറയുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റടക്കം 20 കേന്ദ്രങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: