കാസര്‍കോട്: ഇന്ന് തുലാം പത്ത് പിറന്നതോടെ തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ക്ഷേത്രങ്ങളും കാവുകളും തറവാടുകളും. തെയ്യാട്ടക്കാലം ആരംഭിക്കുന്നുവെന്ന പ്രാധാന്യത്തിനൊപ്പം കാര്‍ഷിക സംസ്‌കൃതിയുമായും ഈശ്വര ആരാധനയുമായും ബന്ധപ്പെട്ട് കിടക്കുന്ന നിരവധി അനുഷ്ഠാനങ്ങളും ആചാരങ്ങളും തുലാപ്പത്തിന് പിറകിലുണ്ട്.
ക്ഷേത്രങ്ങളിലും കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും തെയ്യങ്ങളുടെ അനുഗ്രവും വായ്‌ത്താരികളും കൊണ്ട് മുഖരിതമാവും.തട്ടകങ്ങളില്‍ തുള്ളിയുറയുന്ന തെയ്യക്കോലങ്ങള്‍ ഒരു ദേശത്തിനാകെ അനുഗ്രഹം ചൊരിയും. കുരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങള്‍ക്ക് ജീവനേകാന്‍ തെയ്യം കെട്ടുന്നവര്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഓരോ തെയ്യത്തിനും ഭക്തമനസുകള്‍ നിറയ്‌ക്കുന്ന രൂപഭംഗി നിര്‍ബന്ധമാണ്. ആചാരനിഷ്ഠയോടും വൃതശുദ്ധിയോടുമാണ് ചമയങ്ങള്‍ ഒരുക്കുന്നത്. മരം, ലോഹം, മയില്‍പ്പീലി, തുണി, മുള, കുരുത്തോല, വാഴപ്പോള എന്നിവയ്‌ക്കൊപ്പം പുഷ്പങ്ങളും ചമയങ്ങളില്‍ ഉപയോഗിക്കുന്നു.
ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങള്‍ വ്യത്യസ്ഥമാണ്. നിറത്തിലും, രൂപത്തിലും ആകൃതിയിലും വൈവിധ്യങ്ങള്‍ നിറയും. നൃത്തവും, ഗീതവും, വാദ്യവും, ശില്‍പകലയുമെല്ലാം ഓരോ തെയ്യക്കോലത്തിലും സമ്മേളിക്കുന്നു. തുലാം പത്തുമുതല്‍ ഇടവപ്പാതി വരെയാണ് ഇവിടെ തെയ്യക്കാലം. വടക്കേ മലബാറിലെ ജനമനസുകളില്‍ അടിയുറച്ച ആത്മീയവും സാമൂഹ്യവുമായ വിശ്വാസങ്ങളിലാണ് തെയ്യത്തിന്റെ നിലനില്‍പ്പ്. അനുഷ്ഠാന രൂപമായ തെയ്യത്തിന്റെ തുടക്കവും ഒടുക്കവും നീലേശ്വരത്താണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും ഇന്നാണ് കളിയാട്ടച്ചെണ്ട ഉണരുന്നത്. മന്നംപുറത്തുകാവിലെ കലശത്തോടെ വടക്കന്‍ കേരളത്തിലെ കളിയാട്ടക്കാലം സമാപിക്കും.
ഉത്തര കേരളത്തില്‍ 456 തെയ്യങ്ങളില്‍ 120 ഓളം തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. വിഷ്ണു മൂര്‍ത്തി, പൊട്ടന്‍, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങളാണ് ഏറ്റവും കൂടുതല്‍ കെട്ടിയാടുന്നത്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഭഗവതി, വേട്ടയ്‌ക്കൊരുമകന്‍, രക്തചാമുണ്ഡി,കതിവനൂര്‍ വീരന്‍, ക്ഷേത്രപാലന്‍, ഭദ്രകാളി, മുവാളംകുഴി, കുറത്തി, ബാലി, ഘണ്ഡാകര്‍ണ്ണന്‍, കടവാങ്കോട് മാക്കം, കണ്ണങ്കാട് ഭഗവതി, കതിവൂര്‍ വീരന്‍ തുടങ്ങിയവയും പ്രധാന തെയ്യ കോലങ്ങളാണ്.ഈ വര്‍ഷം 15 വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കും. ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ 10 നാള്‍ നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടം ഫെബ്രുവരിയിലാണ്.നിശ്ചിത തെയ്യക്കോലങ്ങള്‍ കെട്ടിയാടാനുള്ള അവകാശം വ്യത്യസ്തസമുദായങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിശ്വാസം. കോലധാരികാരികള്‍ക്കമെല്ലാം തിരക്കേറുന്നതാണ് ഇനിയുളള നാളുകള്‍.
അരമങ്ങാനം:അരമങ്ങാനം തെക്കേക്കര മുച്ചിലോട്ട് വാണിയ തറവാട്ടില്‍ പത്താമുദയവും പൊതു യോഗവും ഞായറാഴ്ച നടക്കും. രാവിലെ അരിത്രാവലും പ്രസാദവിതരണവും. 11ന് തറവാട് പൊതുയോഗം . ഉച്ചയ്‌ക്ക് അന്നദാനം. സന്ധ്യയ്‌ക്ക് ദീപാരാധനയ്‌ക്ക് ശേഷം ചത്തോര്‍ക്ക് വിളമ്പലും 8ന് കുറത്തിയമ്മയ്‌ക്ക് പുത്തരി വിളമ്പലോടെ സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: