Kerala

തൃശൂർ പൂരം കലക്കൽ: മുഖ്യമന്ത്രിയോട് വിയോജിച്ച് സിപിഐ, പൂരം കലങ്ങിയത് തന്നെയെന്ന് ആവർത്തിച്ച് ബിനോയ് വിശ്വം

Published by

തിരുവനന്തപുരം: ഒരു വെടിക്കെട്ട് അൽപ്പം വൈകിയതാണോ പൂരം കലക്കൽ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സിപിഐക്ക് അമർഷം. പൂരം കലങ്ങിയത് തന്നെയെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നു. തൃശൂർ പൂരം നടക്കേണ്ടത് പോലെ നടന്നില്ല, നടക്കാൻ ചിലർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഞാൻ പറഞ്ഞതാണ് സിപിഐയുടെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും പറഞ്ഞു. സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഒരു പുതിയ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രിതമായി പൂരം കലക്കാൻ ശ്രമം നടന്നു. ഇതിന് ഗൂഢാലോചന നടന്നുവെന്നും ശക്തമായ നടപടി വേണമെന്നുമാണ് മുമ്പ് കെ. രാജൻ നിയമസഭയിൽ പറഞ്ഞത് ഇതിലാണ് സിപിഐ ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ ഡി ജിപി എം. ആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തന്നെ തള്ളിയിരുന്നു. ഇതിന് ശേഷമാണ് ക്യാബിനറ്റ് ഒരു ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഇത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by