ജനാര്ദ്ദനന് മാഷിന്റെ ആദ്യ പുസ്തകമായ ‘നാട്യകല സിദ്ധാന്തവും പ്രയോഗവും’ 2005 ലാണ് ഞാന്‍ വായിച്ചത്. എന്നാല്‍ എംഎ പഠനം പൂര്‍ത്തിയാക്കി എംഫില്ലിന് ചേര്‍ന്ന ശേഷമാണ് മാഷെ നേരിട്ട് കാണാനും ശിഷ്യപ്പെടാനും കഴിഞ്ഞത്.
വരിക്കാശ്ശേരി മനയെ ഓര്‍മ്മിപ്പിക്കുന്ന ചെങ്കല്‍ ചുവരുകളും വിശാലമായ പൂമുഖവും നടുമുറ്റവുമൊക്കെയുള്ള കേരളീയത തുളുമ്പുന്ന ഗൃഹാന്തരീക്ഷം. വീട്ടിലേക്കുള്ള വഴി സര്‍പ്പക്കാവിന്റെ നിബിഡതയാലും മാവ്, പ്ലാവ്, പേര, കൊക്കോ, സപ്പോട്ട, ആഞ്ഞിലി തുടങ്ങിയ വൃക്ഷത്തോപ്പിനാലും മനോഹരം. ‘പരിസ്ഥിതി സൗന്ദര്യാവബോധം ഭരതനാട്യത്തില്‍’ എന്ന എന്റെ എംഫില്‍ തീസിസിന്റെ എഴുത്തിന് പശ്ചാത്തലമായ ഒരിടത്തിലേക്ക് ഞാനെത്തപ്പെട്ടപോലെ, പ്രകൃതി എന്നെ അവിടേക്കെത്തിച്ചപോലെ തോന്നി.
ഗുരുവില്‍നിന്ന് ശിഷ്യവാത്സല്യവും ഗുരുപത്നിയില്നിന്ന് മാതൃസ്നേഹവും ആവോളം പകര്‍ന്ന് കിട്ടിയ ആ നാളുകള്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും പകരം വയ്ക്കാനാവാത്ത ഹരിത സുവര്‍ണ്ണ നിമിഷങ്ങളായി നിലനില്ക്കുന്നു. ഭരതനാട്യത്തിലെ ഭാവാഭിനയത്തിന്റെ ലയവും താളവുമെല്ലാം മാഷ് എന്നെ പരിശീലിപ്പിച്ചത് ആ അകത്തളങ്ങളില്‍ വച്ചായിരുന്നു. അമിതമായ ഹസ്തമുദ്രാപ്രയോഗങ്ങളില്ലാത്ത, എന്നാല്‍ ശരീരത്തിലെ ഓരോ കോശവും ഭാവത്തിനനുസൃതമായി ചലിക്കുന്നതായി നര്‍ത്തകര്‍ക്ക് കൂടി അനുഭവമാകുന്ന രീതിയാണ് തഞ്ചാവൂര്‍ തനിമയിലെ ഭാവാഭിനയ പ്രകടനമെന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍. ഭരതാര്‍ണ്ണവം, മഹാഭാരത ചൂഡാമണി സംഗീത സാരാമൃതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ശരീരത്തിന്റെ അംഗോപാംഗ നിലകളാണ് തഞ്ചാവൂരില്‍ ഉത്ഭവിച്ച ഭരതനാട്യത്തിന്റെ അടിസ്ഥാനം.
തഞ്ചാവൂരിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലെ ശില്പ്പങ്ങള് ഭരതനാട്യ നിലകളെ ഓര്‍മ്മപ്പെടുത്തുന്നവയാണ്. ആറ് മാസത്തെ കഠിനമായ പരിശീലനത്തിന് ശേഷം 2008 ആഗസ്റ്റ് മാസത്തില്‍ മാഷിന്റെ നട്ടുവാങ്കത്തിനൊപ്പം ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ചുവടുവയ്ക്കുവാന്‍ എനിക്ക് സാധിച്ചു.
നൃത്ത പരിശീലനത്തോടൊപ്പം പിഎച്ച്ഡി തീസിസ് തയ്യാറാക്കുന്നതിനുള്ള ഗവേഷണ പഠനത്തിനും തുടക്കമിട്ടു. ഇതിനിടയില്‍ എന്റെ ജീവിതത്തില്‍ പ്രണയം സംഭവിച്ചു. മാഷിനോടും ടീച്ചറമ്മയോടും വീട്ടിലും വളരെ അടുപ്പമുള്ളവരോടും മാത്രം പറഞ്ഞു. അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവുമായിട്ടാണ് പ്രണയം എന്നറിഞ്ഞതോടെ ചര്‍ച്ചകളേറെ അഭിമുഖീകരിക്കേണ്ടി വന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി ഞങ്ങള്‍ടെ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹ നിശ്ചയിച്ചതിന് ശേഷവും ഞാന്‍ ഒരാഴ്ചയോളം മാഷിന്റെ വീട്ടില്‍ തന്നെ താമസിച്ചു. ആ ദിവസങ്ങളില്‍ ടീച്ചറമ്മയായിരുന്നു എന്റെ ഗുരു. അടുക്കള എങ്ങനെ കൈകാര്യം ചെയ്യണം, എങ്ങനെ പാചകത്തിനായുള്ള കാര്യങ്ങള്‍ ഒരുക്കി വയ്ക്കണം എന്ന് തുടങ്ങി ഒരു സമ്പൂര്‍ണ്ണ ഹോംസയന്‍സ് ക്രാഷ് കോഴ്സായിരുന്നു അമ്മ നല്‍കിയത്.
ഭരതനാട്യവുമായി ബന്ധപ്പെട്ട അഭിനയദര്‍പ്പണം, ഭരതാര്‍ണ്ണവം, മഹാഭാരത ചൂഡാമണി എന്നീ ഗ്രന്ഥങ്ങളിലും. നാട്യശാസ്ത്രത്തിലെ രസസിദ്ധാന്തം, ഭാവവ്യഞ്ജകം എന്നീ അദ്ധ്യായങ്ങളിലും മാഷിന് ആഴത്തിലുള്ള ജ്ഞാനം ഉണ്ടായിരുന്നു. എന്നാല്‍ നാട്യശാസ്ത്രത്തിലെ കരണങ്ങള്‍, ചാരികള്‍, അംഗഹാരങ്ങള്‍, ഹസ്തങ്ങള്‍, രേചകങ്ങള്‍, പാദഭേദങ്ങള്‍, സ്ഥാനങ്ങള്‍, ഗതികള്‍, പിണ്ഡീബന്ധങ്ങള്, മണ്ഡലങ്ങള്‍ എന്നിവയെക്കുറിച്ച് എന്റെ ഗവേഷണ പഠനവുമായി ബന്ധപ്പെട്ടാണ് മാഷ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതില്‍ ചാരികള്‍, നൃത്തഹസ്തങ്ങള്‍, സ്ഥാനങ്ങള്‍ എന്നിവ രേചകങ്ങളോടുകൂടി അനുയോജ്യമാംവിധം ചേര്‍ത്ത് എണ്ണമറ്റ അടവുകളും ഭാവാഭിനയത്തിനുതകുന്നതായ ചലനങ്ങളും സൃഷ്ടിച്ചെടുക്കാനാവുമെന്ന എന്റെ നിഗമനത്തെ മാഷ് അംഗീകരിച്ചു. മാഷിന്റെ ആദ്യ പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ മുഖവുരയിലും അടവുകള്‍ എന്ന അധ്യായത്തിലും ഇത് പ്രതിപാദിച്ചിട്ടുണ്ട്.
മാഷിന്റെ ഇത്തരം ഹൃദയവിശാലതയോടുകൂടിയ പെരുമാറ്റമാണ് മാഷിനെ അധ്യാപകനില്‍നിന്നും ആചാര്യപദവിയിലേക്കും പരമഗുരുസ്ഥാനത്തേക്കുമൊക്കെ ഉയര്‍ത്തുന്നത്.
ജനാര്ദ്ദനന് മാഷിനെപ്പോലുള്ള അപൂര്‍വ്വ വ്യക്തിത്വങ്ങളാണ് ഭാരതീയ സംസ്കൃതിയിലെ ഗുരു, ആചാര്യന് എന്നിങ്ങനെയുള്ള പരമപദങ്ങള്ക്കര്ഹരായവര് എന്ന് നിസ്സംശയം പറയാം. ഭരതനാട്യത്തിലെ തഞ്ചാവൂര്‍ തനിമ കേരളത്തില്‍നിന്ന് മണ്മറഞ്ഞു പോകാതിരിക്കാന്‍ മുഴുവന്‍ അടവുകളും മുദ്രകളും ഭരതനാട്യ പരിശീലനത്തിന് വേണ്ടതായ ശാരീരിക വ്യായാമങ്ങളും കച്ചേരി സമ്പ്രദായത്തിലുള്ള നൃത്തയിനങ്ങളും ഭാവാഭിനയം ചര്‍ച്ച ചെയ്യുന്ന ക്ലാസ്സും ഉള്‍പ്പെടെ രണ്ട് ഭാഗങ്ങളായി ഡിവിഡിയിലൂടെ പുറത്തിറക്കിയിരുന്നു. ഇവയ്ക്ക് ഈ ശിഷ്യയുടെ ഗവേഷണ പാഠങ്ങളില്‍ നിന്നും കണ്ടെത്തിയ ‘നൂപുര പാദിക’ എന്ന പേര് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഈ പാഠങ്ങള്‍ യുട്യൂബിലൂടെയും ലഭ്യമാണ്.
തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കലൈക്കാഹരി കോളജ് ഓഫ് ഫൈനാര്‍ട്സിന്റെ ബിഎഫ്എ ഭരതനാട്യം, എംഎഫ്എ ഭരതനാട്യം എന്നീ കോഴ്സുകള്ക്കുവേണ്ട് 30 ല്‍ പരം പാഠപുസ്തകങ്ങള്‍ ജനാര്ദ്ദനന് മാഷ് തമിഴില്‍നിന്നും മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കുമായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
ധനതത്വശാസ്ത്രത്തില്‍ ബിരുദവും സംസ്കൃതവും തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പരിജ്ഞാനവും കര്‍ണാടക സംഗീതത്തിലും മൃദംഗം, തബല, പുല്ലാങ്കുഴല്‍, വയലിന്, യോഗ എന്നിവയില്‍ പരിശീലനവും നേടിയിട്ടുള്ള വിദ്യാഭ്യാസ വിചക്ഷണനുമായിട്ടുള്ള വ്യക്തിയാണ് നാട്യാചാര്യന് വാടാനപ്പള്ളി ജനാര്ദ്ദനന് മാഷ്.
നാട്യകലയുടെ സിദ്ധാന്തം, ചരിത്രം, അഭിനയം, ഭാവം, താളം എന്നിവയില്‍ ഗഹനമായ ഗവേഷണം നടത്തി നാട്യകല സിദ്ധാന്തവും പ്രയോഗവും, നാട്യകല അഭിനയ പാഠം, ശൃംഗാര ലഹരി, താളം-നട്ടുവം എന്നിങ്ങനെ നാല് പുസ്തകങ്ങളും യുഗാന്തരങ്ങള്‍ എന്ന ആത്മകഥയും എഴുതിയിട്ടുണ്ട്. നവതിയുടെ നിറവിലെത്തി നില്‍ക്കുമ്പോഴും പരമോന്നത ബഹുമതികളൊന്നും നല്കി ആദരിക്കപ്പെട്ടിട്ടില്ല എന്നതാണ് അത്ഭുതം.
നാട്യകലയ്ക്ക് പൊതുവായും ഭരതനാട്യത്തിന് പ്രത്യേകിച്ചും ഇത്രയേറെ വൈജ്ഞാനിക സമ്പത്ത് പകര്‍ന്നു തന്ന ജനാര്ദ്ദനന് മാഷിന്റെ നവതിയാഘോഷങ്ങള്‍ക്ക് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പതഞ്ജലി യോഗാ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ‘നാട്യ-യോഗാ-പൈതൃക്’ പുരസ്കാരം നല്‍കിക്കൊണ്ട് തുടക്കമിട്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ മാതൃകാ അദ്ധ്യാപക അവാര്‍ഡ്, കേരളകലാമണ്ഡലം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി.
ജനാര്ദ്ദനന് മാഷിന്റെ ധന്യത എന്നു പറയുന്നത് അദ്ദേഹത്തിന്റെ മൂന്നാണ്മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളും ചേര്‍ന്ന കുടുംബ പശ്ചാത്തലമാണ്. മൂവരും പൊതുവിദ്യാഭ്യാസത്തോടൊപ്പം കലാവിദ്യകളിലും പരിശീലനം നേടിയിട്ടുണ്ട്. മൂത്തമകന് സലില്‍ ജനാര്ദ്ദനന് വയലിനിലും രണ്ടാമത്തെ മകന് സച്ചിന് ജനാര്ദ്ദനന് പുല്ലാങ്കുഴല്‍ വായനയിലും ഇളയമകന് സാജന് ജനാര്ദ്ദനന് മൃദംഗത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: