മാധ്വ-ഗൗഢീയ സമ്പ്രദായം എന്നറിയപ്പെടുന്ന, ബംഗാളിലെ പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഭഗവാന്‍ കൃഷ്ണന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന വിശ്വവിഖ്യാതനായ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവാണ്. മാധ്വ ദര്‍ശനവുമായി ബന്ധപ്പെട്ട ഈ സമ്പ്രദായത്തിന്റെ ദര്‍ശനം ‘അചിന്ത്യഭേദാഭേദം’ എന്നറിയപ്പെടുന്നു. ഇതു പ്രകാരം സൃഷ്ടിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തില്‍ ഭേദവും അഭേദവും ദര്‍ശിക്കാവുന്നതാണ്. അനന്തസ്വഭാവത്തോടുകൂടിയ ഈ സത്യം മനുഷ്യരുടെ ചിന്തകള്‍ക്കപ്പുറമാണ്, അതിനാല്‍ അചിന്ത്യം. മധ്വനെ അനുഗമിക്കുന്ന ഈ സിദ്ധാന്തമനുരിച്ച് ബ്രഹ്മവും ഭഗവാന്‍ കൃഷ്ണനും ഒന്നുതന്നെയാകുന്നു. കൃഷ്ണന്‍ സച്ചിദാനന്ദസ്വരൂപം മാത്രമല്ല അനന്തശക്തിയോടും സദ്ഗുണങ്ങളോടും കൂടിയ സത്യമാകുന്നു. ഈശ്വരന്‍ സൃഷ്ടിയുടെ നിമിത്തകാരണവും ഈശ്വരന്റെ ശക്തിയോടു ചേരുമ്പോള്‍ ഉപാദാന കാരണവുമാകുന്നു.
ഈശ്വരനിലെത്താനുള്ള ശ്രേഷ്ഠ മാര്‍ഗ്ഗം ഗോപികമാര്‍ക്ക് ഭഗവാന്‍ കൃഷ്ണനോടുണ്ടായിരുന്ന പ്രേമ ഭക്തിയാകുന്നു. ഈ ദര്‍ശനത്തില്‍ പരമഭക്തരുടെ ഇഷ്ടലക്ഷ്യം ദിവ്യലോകത്തുള്ള ഭഗവദ് സന്നിധാനത്തില്‍ (നിത്യവൃന്ദാവനധാമത്തില്‍) എത്തിച്ചേര്‍ന്ന് പ്രേമ ഭക്തിയില്‍ മുഴുകി നിലനില്‍ക്കുകയെന്നതാണ്.
ബംഗാളിലെ മായാപൂരില്‍ 1486-ല്‍ ജന്മം കൊണ്ട ചൈതന്യമഹാപ്രഭു കന്യാകുമാരി വരെയുള്ള ദക്ഷിണഭാരതത്തിലെ പ്രസിദ്ധ തീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിക്കുകയും, വൈഷ്ണവ ദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഭാരതമൊട്ടുക്ക് അനുയായികളുണ്ടായി. ഇരുപതാം നൂറ്റാണ്ടായതോടെ സമൂഹത്തിന്റെ ആത്മീയ ഉയര്‍ച്ചയ്‌ക്കായി ശ്രീ ചൈതന്യന്‍ നയിച്ച ഉജ്ജ്വല പ്രസ്ഥാനം പുതിയ മാനങ്ങള്‍ ആര്‍ജിക്കാന്‍ തുടങ്ങി. ഭാരതത്തില്‍ ഇത് ‘ഹരേ കൃഷ്ണ പ്രസ്ഥാനം’ എന്ന പേരില്‍ പ്രസിദ്ധമായെന്നു മാത്രമല്ല, എ.സി. ഭക്തിവേദാന്ത പ്രഭുപാദ സ്വാമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്‌ട്രതലത്തില്‍ ഖ്യാതി നേടുകയും ചെയ്തു. പ്രഭുപാദ സ്വാമി രൂപം കൊടുത്ത ‘ഇസ്‌കോണ്‍’ (ISKCON – International Society for Krishna Consciounsess) എന്ന സ്ഥാപനത്തിന് ലോകമൊട്ടുക്ക് ആരാധകരും ആസ്ഥാനങ്ങളുമുണ്ടായി.
മണിപ്പൂരിലെ വൈഷ്ണവര്‍
മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മൈതെയിക്ക് സ്വീകാര്യമായത് ഗൗഡീയ വൈഷ്ണവ സമ്പ്രദായമായിരുന്നു. അവിടത്തെ സമ്പ്രദായം കൃഷ്ണനെ മാത്രമായിട്ടല്ല ആരാധിക്കുക, രാധാ-കൃഷ്ണന്മാരാണ് മൈതെയിക്ക് പ്രിയങ്കരം. പതിനെട്ടാം നൂറ്റാണ്ടിലാണ് മൈതെയി സമുദായം ചൈതന്യ വൈഷ്ണവ സമ്പ്രദായം സ്വീകരിച്ചത്. മൈതെയി അനുഷ്ഠിച്ചു വരുന്ന രാസലീല നൃത്തവും സങ്കീര്‍ത്തനവും ഭഗവാന്‍ കൃഷ്ണന്റെയും ഗോപികമാരുടെയും അനുരാഗത്തിന്റെ സ്മരണയുണര്‍ത്തുന്ന മനോഹരമായിട്ടുള്ള പ്രകടനങ്ങളാകുന്നു.
ഇപ്രകാരം വൈദിക ദര്‍ശനത്തില്‍ നിന്നുദ്ഭവിച്ച് ദക്ഷിണ ഭാഗത്ത് വികാസം കൊണ്ട ശേഷം ഇടമുറിയാതെ ഭാരതത്തിലുടനീളം വ്യാപിച്ച് നിലകൊണ്ട പാരമ്പര്യമാണ് വൈഷ്ണവരുടേത്. പ്രാദേശിക ഭേദമന്യേ ഒരു ജനതയെ മുഴുവന്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ കുടക്കീഴില്‍ സഹസ്രാബ്ദങ്ങളിലൂടെ അനുസ്യൂതം യോജിപ്പിച്ചു നിര്‍ത്തിയ ഈ പാരമ്പര്യം അഖണ്ഡ ഭാരതത്തിന്റെ അതിപുരാതനവും പ്രൗഢഗംഭീരവുമായിട്ടുള്ള ആത്മീയ സംസ്‌കാരത്തിന്റെ സൂചക
മാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: