ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസില്‍ കാര്‍വാര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ് വര്‍ഷം തടവും 9.6 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്. സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എക്ക് വിവിധ വകുപ്പുകളിലാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഗുഢാലോചനാ കുറ്റത്തില്‍ അഞ്ച് വര്‍ഷമാണ് തടവ് ശിക്ഷ. വഞ്ചനാ കുറ്റത്തില്‍ ഏഴു വര്‍ഷം തടവും വിധിച്ചു. ഇതിന് പുറമേ മോഷണക്കുറ്റത്തില്‍ മൂന്നു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ രണ്ട് വര്‍ഷത്തിന് മുകളിലായതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം സതീഷ് കൃഷ്ണ സെയിലിന് എംഎല്‍എ സ്ഥാനം നഷ്ടമായി.
അങ്കോള-ഷിരൂര്‍ പാതയിലെ ഗംഗാവലി പുഴയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന സതീഷ് കൃഷ്ണ സെയിലിെന അന്ന് മാധ്യമങ്ങള്‍ നന്മമരമായി വാഴ്ത്തിയിരുന്നു. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തശേഷം സെയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെയില്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. എന്നാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തു.
ആശാപുര മൈന്‍കെം ലിമിറ്റഡ് എംഡി ചേതന്‍ ഷാ, സ്വാസ്തിക് സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ കെ.വി. നാഗരാജ്, കെവിഎന്‍ ഗോവിന്ദരാജ്, ശ്രീലക്ഷ്മി വെങ്കടേശ്വര മിനറല്‍സ് പാര്‍ട്ണര്‍ കെ. മഹേഷ് കുമാര്‍, ലാല്‍ മഹല്‍ ലിമിറ്റഡ് എംഡി പ്രേം ചന്ദ് ഗര്‍ഗ് എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതിയായിരുന്ന ഐഎല്‍സി ലിമിറ്റഡ് ഉടമ സോമശേഖര്‍ മരണപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎല്‍എ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ല. തുടര്‍ന്ന് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
2010ലാണ് കേസിനാസ്പദമായ സംഭവം. 7.74 ദശലക്ഷം ടണ്‍ ഇരുമ്പയിര് ബെലേക്കേരിി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. ബെല്ലാരിയില്‍ നിന്ന് ഖനനം ചെയ്തെടുത്ത 60,000 കോടി രൂപയോളം മൂല്യം വരുന്ന ഇരുമ്പയിര് കാര്‍വാറിലെ ബെലേക്കേരി തുറമുഖം വഴി കടത്തുകയായിരുന്നു. കര്‍ണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയാണ് കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. സമാനമായ മറ്റ് ആറുകേസുകളും സതീഷ് കൃഷ്ണ സെയിലിനെതിരെയുണ്ട്. ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ആണ് വിധി പറഞ്ഞത്. പ്രതികള്‍ക്ക് തടവ് ശിക്ഷയും പരമാവധി പിഴയും നല്‍കണമെന്ന് സിബിഐ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ഹേമ ആവശ്യപ്പെട്ടു. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് സതീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: