കൊച്ചി: മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി അവരെ പീഡിപ്പിക്കുകയാണെന്ന് ശബരിമല കര്‍മ സമിതി യോഗം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട ശാസ്ത്രീയ സംവിധാനമൊരുക്കുന്നതിനു പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഓരോ വര്‍ഷവും പല പരീക്ഷണങ്ങള്‍ നടത്തുകയാണ് ദേവസ്വം ബോര്‍ഡ്.
ശബരിമലയിലെ പല പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സമഗ്രമായ നിവേദനം വിവിധ ഹൈന്ദവ സംഘടനകള്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നല്‍കിയിരുന്നു. അതിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കാ
നോ ചര്‍ച്ച ചെയ്യാനോ ബോര്‍ഡ് തയാറായില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം കേരള ഹൈക്കോടതി ഉത്തരവു പ്രകാരം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചിട്ടും പോലീസ് തന്നെ ബുക്കിങ് നടത്തുന്നത് കോടതിയലക്ഷ്യമാണ്.
എരുമേലി ക്ഷേത്രത്തില്‍ പൊട്ടുകുത്തല്‍ കച്ചവടം ഹൈക്കോടതി ഇടപെട്ടു നിര്‍ത്തിയപ്പോഴാണ് തത്കാല്‍ കച്ചവടവുമായി ദേവസ്വം ബോര്‍ഡ് ഇറങ്ങുന്നത്. ഓരോ കാരണം പറഞ്ഞ് ഭക്തരെ പിഴിഞ്ഞെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നു.
ശബരിമല ഭക്തര്‍ക്കു മേല്‍ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ശാശ്വതവും സമാധാനപരവുമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താനുമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഭക്തജന സംഘടനകളുടെയും ആചാര്യന്മാരുടെയും പന്തളം കൊട്ടാരം പ്രതിനിധികളുടെയും സാമുദായിക, ഹൈന്ദവ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം നവംബര്‍ ഒന്‍പതിന് ചെങ്ങന്നൂരില്‍ ചേരുമെന്ന് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: