Kerala

പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ.മുരളീധരനെ, ബിജെപി വളര്‍ച്ചയെ പ്രതിരോധിക്കണമെന്ന് കത്ത്

Published by

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തു വന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്തിലാണ് കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നത്.

ബിജെപിയെ നേരിടാന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിലെ ആവശ്യം. ഡിസിസി ഭാരവാഹികളുടെ ഐകകണ്‌ഠ്യേനയുളള തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിലുണ്ട്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നത്. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ പറയുന്നു.

പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലുള്‍പ്പെടെ ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി വേണം. ഇടത് അനുഭാവികളുടെയും വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാന്‍ കഴിയൂ.മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ പറ്റില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡി സി സിയുടെ കത്ത് കിട്ടിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിച്ചു. പിന്നാലെ പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുണ്ടാവുകയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡോ പി സരിനും എകെ ഷാനിബും അടക്കമുള്ളവര്‍ പാര്‍ട്ടി വിടുകയും ചെയ്തു.ഡോ.പി.സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഡോ സരിനുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കത്ത് പുറത്തു വന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by