ഭിലായ് : ഗോത്രവർഗക്കാരുടെ സജീവ പങ്കാളിത്തമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ലെന്ന് വ്യക്തമാക്കി പ്രസിഡൻ്റ് ദ്രൗപതി മുർമു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഭിലായ് യുടെ മൂന്നാമത്തെയും നാലാമത്തെയും സംയുക്ത കോൺവൊക്കേഷനിൽ സംസാരിക്കവെയാണ് രാഷ്‌ട്രപതി രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വാചാലയായത്.
ഗോത്ര സംസ്‌കാരവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ് ഛത്തീസ്ഗഡ് എന്ന് പറഞ്ഞ രാഷ്‌ട്രപതി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ആദിവാസി സമൂഹത്തിൽ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞു. ആദിവാസി സമൂഹം പ്രകൃതിയെ വളരെ അടുത്ത് മനസ്സിലാക്കുകയും നൂറ്റാണ്ടുകളായി പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയും ചെയ്യുന്നു.
പ്രകൃതിയുമായി ബന്ധപ്പെട്ട ജീവിതശൈലിയിലൂടെ നേടിയെടുത്ത അറിവിന്റെ കലവറയാണ് ആദിവാസി സഹോദരങ്ങൾ. അവരുടെ ചിന്തയും ജീവിതരീതിയും മനസ്സിലാക്കുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന് നമുക്ക് നിർണായകമായ സംഭാവന നൽകാൻ കഴിയുമെന്ന് മുർമു പറഞ്ഞു.
സാങ്കേതികവിദ്യയിലൂടെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. ആദിവാസി സഹോദരങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടി സജീവ പങ്കാളികളാകുമ്പോൾ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. ആദിവാസി സമൂഹത്തിന്റെ പുരോഗതിക്കായി സാങ്കേതിക മേഖലയിൽ ഐഐടി ഭിലായ് പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
കൂടാതെ എയിംസ് റായ്പൂരുമായി സഹകരിച്ച് ഐഐടി ഭിലായ് ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ആദിവാസി ഗ്രാമങ്ങളിലെ ആളുകൾക്ക് അവരുടെ വീടുകളിൽ മെഡിക്കൽ, ആരോഗ്യ നിർദ്ദേശങ്ങൾ നൽകിയെന്നും അവർ പറഞ്ഞു.
ഇതിനു പുറമെ ഇന്ദിരാഗാന്ധി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി റായ്‌പൂരുമായി സഹകരിച്ച് കർഷകർക്ക് സാങ്കേതിക പരിഹാരങ്ങൾ സൃഷ്‌ടിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവർക്ക് മാർഗ്ഗനിർദ്ദേശവും അവരുടെ വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നതിനുള്ള സഹായവും നൽകുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
ചെറുകിട വന ഉൽപന്നങ്ങളായ മഹുവയുടെ ശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ട ആളുകളുടെ വികസനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ആഹോരാത്രം പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഐഐടി ഭിലായ് അഗ്രിടെക്, ഹെൽത്ത്‌ടെക്, ഫിൻടെക് എന്നീ മേഖലകളിലാണ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: