വിദേശ രാജ്യങ്ങളിലേക്ക് മക്കളോ ഭര്‍ത്താവോ സുഹൃത്തുക്കളോ യാത്രയാകുമ്പോള്‍ ആലിംഗനത്തിലൂടെ സ്നേഹ പ്രകടനം നടത്താറുള്ളവരാണ് നമ്മളെല്ലാവരും. നമ്മുടെ മനസിന്റെ വിങ്ങലിനെ ഏറ്റവും നന്നായി തുറന്ന് കാട്ടാനാകുന്ന ഒരു ഉപാധിയായാണ് ഇതിനെ കാണുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ടവരെ കാണുമ്പോഴും യാത്രയാക്കുമ്പോഴുമെല്ലാം വിമാനത്താവളത്തില്‍ അരങ്ങേറുക വൈകാരിക നിമിഷങ്ങളാണ്. ഇത്തരം നിമിഷങ്ങളില്‍ ഏറ്റവും അധികം കാണാറുള്ളത് ആലിംഗനം ചെയ്ത് കൊണ്ടുള്ള വിങ്ങിപ്പൊട്ടലുകളാണ്. എന്നാല്‍ ഇപ്പോഴിതാ ആലിംഗനങ്ങള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് വിമാനത്താവളം.
സൗത്ത് ഐലന്‍ഡിലെ ഡുനെഡിനിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിചിത്ര നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നയം അനുസരിച്ച് ആലിംഗന സമയം മൂന്ന് മിനിറ്റായി പരിമിതപ്പെടുത്തി. എയര്‍പോര്‍ട്ടിന്റെ ഡ്രോപ്പ്-ഓഫ് സോണില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ബോര്‍ഡില്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ”പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുടെ വിടവാങ്ങലുകള്ക്കായി ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക.’
ടെര്മിനലിലൂടെ യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാനും തിരക്ക് തടയാനുമാണ് സമയപരിധി പ്രാബല്യത്തില്‍ കൊണ്ട് വന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നിരുന്നാലും, ഈ നയം അമിതമായി നിയന്ത്രണമുള്ളതാണെന്നും വിടവാങ്ങലുകളുടെ വൈകാരിക പ്രാധാന്യത്തെ അവഗണിക്കുന്നുവെന്നും പല യാത്രക്കാരും വാദിക്കുന്നു. പ്രത്യേകിച്ചും ദീര്‍ഘദൂര യാത്രകള്‍ ആരംഭിക്കുന്നവരോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരോട് ദീര്‍ഘ കാലത്തേക്ക് വിടപറയുന്നവരോ ആയവര്‍ക്ക് ഇത് മാനസികമായി ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്.
വിഷയം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ആയതിന് പിന്നാലെ നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയത്.
‘മനുഷ്യ വികാരങ്ങള്‍ക്ക് സമയപരിധിയില്ല’. എക്സ് ഉപയോക്താക്കളില്‍ ഒരാളായ അലന് സി എഴുതി. ‘ഇത് മനുഷ്യത്വരഹിതമല്ലേ?’ മറ്റൊരു ഉപയോക്താവ് ചോദിച്ചു. അധികാരികള്‍ എങ്ങനെയാണ് ഈ നിയമം നടപ്പാക്കാന്‍ പോകുന്നതെന്ന് മറ്റ് ചിലര്‍ ചോദിച്ചു.
വിമര്‍ശനങ്ങള്‍ക്കിടയില്‍ CNN-നോട് സംസാരിച്ച ഡണ്‍ഡിന്‍ എയര്‍പോര്‍ട്ട് സിഇഒ ഡാനിയല്‍ ഡി ബോണോ, ”ലവ് ഹോര്‍മോണ്‍” ഓക്സിടോസിന്‍ പൊട്ടിത്തെറിക്കാന്‍ 20 സെക്കന്‍ഡ് ആലിംഗനം മതിയെന്ന ഒരു പഠനം ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ നീക്കത്തെ ന്യായീകരിച്ചു. ഉപഭോക്താക്കളെ വേഗത്തില്‍ കൊണ്ടുപോകുന്നത് കൂടുതല്‍ ആളുകളെ കൂടുതല്‍ ആലിംഗനം ചെയ്യാന്‍ അനുവദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: