ന്യൂദൽഹി : സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) നേതാവും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നുവിനെ കുടുക്കാൻ കടുത്ത നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി. ഗുർപത്വന്ത് ഉൾപ്പെട്ട ആറ് കേസുകൾ നിലവിൽ എൻഐഎ അന്വേഷിക്കുന്നതായി ഏജൻസി അറിയിച്ചു.
അന്വേഷണത്തിൽ ചണ്ഡീഗഡിലെ പന്നുവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്വത്തുക്കൾ ഇതുവരെ ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ ഇയാളുമായി ബന്ധമുള്ള അമൃത്‌സറിലെ നിരവധി ഭൂമിയും പിടിച്ചെടുത്തിട്ടുണ്ട്. പന്നുവും കൂട്ടാളികളും ഉൾപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേ സമയം കേസുകളുടെ സ്വഭാവവും ഉൾപ്പെട്ട സ്വത്തുക്കളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനു പുറമെ ഈ വർഷം ഒക്ടോബർ 15 വരെ തീവ്രവാദവുമായി ബന്ധപ്പെട്ട് 66 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശിക്ഷാ നിരക്ക് 95.13 ശതമാനമാണെന്നും എൻഐഎ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പന്നൂന്റെ ഭീകര പ്രവർത്തനങ്ങളും അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബറിൽ എൻഐഎ പഞ്ചാബിലെ നാല് സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. കേസിൽ സംശയിക്കുന്നവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മോഗയിലെ ഒരു സ്ഥലത്തും, ബതിന്‌ഡയിലെ രണ്ട് സ്ഥലങ്ങളിലും, മൊഹാലിയിലെ ഒരു സ്ഥലത്തുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ കുറ്റകരമായ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
അതേ സമയം തീവ്രവാദവുമായി ബന്ധപ്പെട്ട ശൃംഖലകൾ തകർക്കാനുള്ള എൻഐഎയുടെ പ്രതിബദ്ധതയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം അടിവരയിടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: