മധുര: ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയമപരമായ നിയന്ത്രണത്തിന് പ്രത്യേക സമിതി രൂപീകരിക്കേണ്ടതുണ്ടെന്ന അഭിപ്രായവുമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും തമിഴ്നാട് ചീഫ് സെക്രട്ടറിയോടും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകള്‍ നിയമപരമായ നിയന്ത്രണത്തിന് വിധേയമാണെങ്കിലും, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് അത്തരം നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്ന് കന്യാകുമാരി സ്കോട്ട് ക്രിസ്ത്യന്‍ കോളജില്‍ കറസ്പോണ്ടന്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
പള്ളി സ്വത്തുക്കളും ഫണ്ടുകളും ദുരുപയോഗം ചെയ്യുന്നതിന്റെ വിവിധ സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയിലുണ്ട്. മിക്ക വിഷയങ്ങളിലും കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്നവര്‍ അവരുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കേസുകള്‍ക്ക് സ്ഥാപനങ്ങളുടെ ഫണ്ടാണ് ഉപയോഗിക്കുന്നത്.
ഇത്തരം കേസുകളില്‍ കോടതികള്‍ കാലാകാലങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നുണ്ടെങ്കിലും, ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനും സ്ഥാപനത്തെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനും ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ഉണ്ടായിരിക്കണം, കോടതി അഭിപ്രായപ്പെട്ടു, വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കേള്‍ക്കാന്‍ കേസ് നവംബര്‍ 18ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: