കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി.
തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ ഭീഷണി. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരൻ വിശേഷിപ്പിച്ചത്. ബാങ്കിനെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി കാണുന്നു. അവർ പണം വാങ്ങി ബിജെപി, സിപിഎം പ്രവർത്തകർക്ക് ജോലി നൽകുന്നു. തങ്ങളെ ഒറ്റുകൊടുത്ത് സിപിഎമ്മിന് ഈ ബാങ്ക് പതിച്ചു കൊടുക്കാൻ കരാർ എടുത്തവരുണ്ടല്ലോ അവരൊന്നോർത്തോളൂ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്നും, എവിടെ നിന്നാണ് ശൂലം വരിക എന്ന് പറയാൻ പറ്റില്ലെന്നും സുധാകരൻ പറഞ്ഞു. അതുകൊണ്ട് തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.
സഹകരണ ബാങ്കുകളെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. കണ്ണൂരിലെ സഹകരണ ബാങ്കുകൾ പിടിച്ചെടുത്തത് പോലെ എതിർക്കേണ്ടിടത്ത് എതിർക്കണമെന്നും, അടിക്കേണ്ടിടത്ത് അടിക്കണമെന്നും പറഞ്ഞ സുധാകരൻ ചില സന്ദർഭങ്ങളിൽ ഗാന്ധിസം പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: