ഭുവനേശ്വർ: ഒഡീഷയിൽ ദന ചുഴലിക്കാറ്റ് വീശിയടിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിതിഗതികൾ അവലോകനം ചെയ്തു. സംസ്ഥാനം സുരക്ഷിതമാണെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ എട്ടുലക്ഷം ആളുകളെ ഒഴിപ്പിച്ചുവെന്നും വൈദ്യുത കമ്പികൾ പുനഃസ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം 1.75 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ബുധബലംഗ നദിയിൽ വെള്ളപ്പൊക്കമുണ്ടെങ്കിലും അത് അപകടനിലയിൽ താഴെയാണ് ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്‌ക്കായി 158 പ്ലാറ്റൂൺ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
അതേ സമയം ഏകദേശം 90 ശതമാനം വൈദ്യുതി കേടുപാടുകൾ പുനഃസ്ഥാപിച്ചതായും ഒഡീഷ ഉപമുഖ്യമന്ത്രി കെ.വി സിംഗ് ദിയോ പറഞ്ഞു. അതിനിടെ വെല്ലുവിളികൾ നേരിടാനും ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ നടത്താനും ഇന്ത്യൻ കോസ്റ്റ് ഗാർഡ് 11 കപ്പലുകളും 5 വിമാനങ്ങളും 14 ദുരന്ത നിവാരണ സംഘങ്ങളെയും അണിനിരത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: