തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള ഗവേഷണ വികസന അന്തരീക്ഷമാണ് കേരളത്തിന് ആവശ്യമെന്നും ഇതിനാവശ്യമായ നയരൂപീകരണം നടത്തണമെന്നും വിഷന്‍ കേരള പാനല്‍. ടൈക്കോണ്‍ കേരള സമ്മേളനത്തിന് മുന്നോടിയായി വ്യവസായ വിദഗ്ധരെയും നൂതനാശയ വിദഗ്ധരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിഷന്‍ കേരള പാനലാണ് കേരളത്തിന്റെ വളര്‍ച്ചയ്ക്ക ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.
കേരളത്തിലെ ഗവേഷണ വികസന വിഷയങ്ങള്‍ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ തന്ത്രപരമായ സമീപനങ്ങള്‍ കൈക്കൊള്ളണമെന്നും ഗവേഷണ മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യണമെന്നും വിഷന്‍ കേരള പാനല്‍ നിര്‍ദേശിച്ചു. ചര്‍ച്ചയുടെ ഭാഗമായ 55 അംഗങ്ങളും ഇതിനാവശ്യമായ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. ഡിസംബര്‍ 4,5 തീയതികളില്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ടൈക്കോണ്‍ കേരള സമ്മേളനത്തിന് മുന്നോടിയായാണ് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്.
ടൈക്കോണ്‍ കേരള പ്രസിഡന്റ് ജേക്കബ് ജോയ് അധ്യക്ഷത വഹിച്ചു. ചാര്‍ട്ടര്‍ മെമ്പര്‍ റോയ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. സിടിഐഎംഎസ്ടി ശാസ്ത്രജ്ഞനും ടിമെഡ് മെഡ്ടെക് ഇന്‍ക്യൂബേറ്റര്‍ സ്ഥാപകനും സിഇഒയുമായ ബല്‍റാം ശങ്കരന് മോഡറേറ്ററായിരുന്നു. അമൃത സ്കൂള്‍ ഓഫ് ബയോടെക്നോളജി പ്രൊഫസറും ഡീനുമായ ഡോ. ബിപിന്‍ നായര്‍, ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോന് ചന്ദ്രന്, വിന്‍വിഷ് ടെക്നോളജീസ് സിഒഒ പയസ് വര്‍ഗീസ്, കേരള ബയോടെക്നോളജി കമ്മീഷന് ശാസ്ത്രജ്ഞ ഡോ. എ.ആര്. ശാരിക എന്നിവര്‍ സംസാരിച്ചു. കിംസ് ഹെല്‍ത്ത് ആര് ആന്‍ഡ് ഡി മേധാവി ഡോ. പ്രവീണ്‍ മുരളീധരന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: