തിരുവനന്തപുരം: പേരൂര്‍ക്കട ഗവ. ജില്ലാ മാതൃക ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ ഫാന്‍ ഇളകിവീണ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന വട്ടിയൂര്‍ക്കാവ് സതിട്ടമംഗലം പുലരിനഗര്‍ സ്വദേശിനി ഗീതയ്ക്കാണ് മുഖത്ത് പരിക്കേറ്റത്.
ഗീതയുടെ മകള്‍ ശാലിനി (31) യെ കടുത്ത പനിയെത്തുടര്‍ന്നാണ് ചൊവ്വാഴ്ച പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരുന്ന മകളുടെ കിടക്കയുടെ സമീപത്തിരുന്ന ഗീതയുടെ മുഖത്താണ് ഫാന്‍ ഇളകി വീണത്. ഗീതയുടെ കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടന്‍തന്നെ മുറിവേറ്റഭാഗം തുന്നിചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഗീതയും മകളും പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നഷ്ടപരിഹാരത്തിനായി ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ തുടര്‍ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പോകാനും പറഞ്ഞു.
വളരെ കാലപഴക്കം ചെന്നതും ഇളകി വീഴാറായതുമായ ഫാനുകളും ലൈറ്റുകളും ആണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും ഉപയോഗിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിന്റെ പണി കഴിഞ്ഞിട്ടും ഇതുവരെയും അത് തുറന്നുകൊടുത്തിട്ടില്ല. ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: