പത്തനംതിട്ട: മണ്ഡലകാലം തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്തും പമ്പയിലും മുന്നൊരുക്കങ്ങള്‍ തുടങ്ങിയില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും അനിശ്ചിതത്വത്തിലാണ്. പമ്പ മണല്‍ പുറത്ത് വിരി വയ്ക്കാന്‍ വലിയ നടപ്പന്തല്‍ തുറക്കുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നതും പമ്പയില്‍ മതിയായ സൗകര്യം ഒരുക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു.
സന്നിധാനത്ത് തിരക്ക് കൂടുമ്പോള്‍ ഭക്തരെ പമ്പയില്‍ നിയന്ത്രിച്ചാണ് മല ചവിട്ടാന്‍ അനുവദിച്ചിരുന്നത്. 2018ലെ പ്രളയത്തിലാണ് അയ്യായിരത്തിലേറെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും വിരി വയ്ക്കാനും സൗകര്യം ഉണ്ടായിരുന്ന രാമമൂര്‍ത്തി മണ്ഡപം ഒലിച്ചുപോയത്.
അതിനു പരിഹാരമെന്ന നിലയിലാണ് മണല്‍ പുറത്ത് നടപ്പന്തല്‍ പണിയാന്‍ ദേവസ്വം ബോര്‍ഡ് ലക്ഷ്യമിട്ടത്. എന്നാല്‍ വലിയ കുഴിയെടുത്ത് തൂണുകളുടെ പണിക്ക് തുടക്കമിട്ടതല്ലാതെ ഒന്നും നടന്നില്ല.
തുലാമാസ ദര്‍ശനത്തിനെത്തിയ ഭക്തര്‍ മണല്‍ പുറത്തുകൂടി നടക്കാന്‍ പോലും സൗകര്യമില്ലാതെ വലയുകയായിരുന്നു. വലിയ കുഴികളും ലോഡ് കണക്കിന് മണ്ണും കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ഡലകാലം കഴിഞ്ഞാലും നടപ്പന്തലിന്റെ പണി പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. പമ്പ മുതല്‍ സന്നിധാനം വരെ വൃത്തിഹീനമാണ്. ശുചീകരണവും നടക്കുന്നില്ല.
നടപ്പാതകള്‍ കാടുകയറിയത് വൃത്തിയാക്കാനോ തകരാറിലായ ദിശാബോര്‍ഡുകള്‍ ശരിയാക്കാനോ ശ്രമമില്ല. കുടിവെള്ള ടാപ്പുകള്‍ ഉപയോഗ ശൂന്യമാണ്. നീലിമലയ്ക്കും കരിമലക്കും ഇടയിലുള്ള പമ്പ് ഹൗസും കാടുകയറി. പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയുടേയും ഡിസ്പെന്‍സറിയുടെയും അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടില്ല. സന്നിധാനത്ത് ആറ് മാസം മുമ്പ് ആരംഭിച്ച ശബരി ഗസ്റ്റ് ഹൗസ്, ഗവ. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ അറ്റകുറ്റ പണികളും എങ്ങുമെത്തിയിട്ടില്ല. നിലയ്ക്കലില്‍ അധിക പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതും അനിശ്ചിതത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: