തികച്ചും സദുദ്ദേശപരമായിരുന്നു പി.പി.ദിവ്യയുടെ പരാമര്‍ശമെന്നാണ് അവരുടെ വക്കീലിന്റെ വാദം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകയാണ്. 9 വര്‍ഷമായി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്ക് സമീപിക്കാവുന്ന വ്യക്തിത്വമാണെന്നും അഴിമതിക്കെതിരായ പ്രവര്‍ത്തനം ഉത്തരവാദിത്തമാണെന്നും കോടതിയില്‍ വാദം മുറുക്കിയപ്പോള്‍ തികച്ചും വഴിവിട്ട ‘ദിവ്യ’ജ്ഞാനമല്ലേ എന്ന സംശയം ബാക്കി. ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ആളാണ്. എഡിഎമ്മിനെതിരെ രണ്ടുപരാതികള്‍ കിട്ടിയെന്നും പൊതുപ്രവര്‍ത്തകരുടെ പ്രധാന ഉത്തരവാദിത്തമാണ് അഴിമതിക്കെതിരായ പോരാട്ടമെന്നു പറഞ്ഞെങ്കിലും ആ പരാതി ഏതെന്ന് കോടതിയെ ബോധ്യപ്പെടുത്താത്തത് ബോധപൂര്‍വ്വം. പരാതി സിപിഎം കേന്ദ്രത്തില്‍ തട്ടിക്കൂട്ടിയ വ്യാജപരാതിയാണ്.
കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല.. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ചെന്നുപെട്ട അവസ്ഥ കാണുമ്പോള്‍ എല്ലാവരും ഈ ചൊല്ലോര്‍ക്കും. അറംപറ്റിയ വാക്കുകള്‍ പോലെയായി ദിവ്യയുടെ പൊതുപ്രസംഗം. എഡിഎം കെ. നവീന്‍ ബാബുവിനെ അപഹസിച്ച്, യാത്രയയപ്പ് യോഗത്തില്‍ ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്: ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാന്‍, ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്. അത് രണ്ടു പെണ്മക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തതിനൊപ്പം, പി.പി.ദിവ്യ എന്ന നേതാവിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും താല്‍ക്കാലിക വിരാമമിട്ടു.
സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ‘കേരളത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റും’ എന്നാണ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയെങ്കിലും ഒടുവില്‍ വിവാദച്ചുഴിയില്‍പ്പെട്ട് രാജിവയ്ക്കേണ്ടിവന്നു ദിവ്യയ്ക്ക്. ഭാവിയില്‍ എംഎല്‍എയും മന്ത്രിയും വരെ ആയേക്കാമെന്ന് പലരും വിലയിരുത്തിയ നേതാവിന് വാക്കില്‍ പിഴച്ച് പടിയിറങ്ങേണ്ടിവന്നു.
നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്ത് പെട്രോള്‍ പമ്പ് നടത്തിപ്പിലെ ബിനാമി ആണെന്ന ആരോപണം സിപിഎമ്മിലേക്ക് പടരുന്നു. ബിനാമി ബന്ധം അന്വേഷിക്കണമെന്ന ആവശ്യം നവീന്‍ ബാബുവിന്റെ കുടുംബംതന്നെ കോടതിയില്‍ ഉന്നയിച്ചുകഴിഞ്ഞു. ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചിട്ടും പ്രശാന്തിന് സംരക്ഷണ കവചമൊരുക്കാന്‍ ആസൂത്രിതമായ നീക്കമുണ്ട്.
എ.ഡി.എം. മരിച്ചതിന് പിന്നാലെ പ്രശാന്തിന്റെ പേരില്‍ കൈക്കൂലി ആരോപണ പരാതി തയ്യാറാക്കുന്നതിന് ശ്രമം നടന്നത് ഉന്നതതലത്തിലാണ്. തലസ്ഥാനത്ത് തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പരാതിയെത്തിച്ചത് പാര്‍ട്ടിപ്രതിനിധികളാണ്. പരാതി വ്യാജമാണെന്നത് പുറത്തായിട്ടും പ്രശാന്ത് സുരക്ഷിതന്‍. കരാര്‍ ജീവനക്കാരനാണെന്നും മറ്റ് എന്തെങ്കിലും ബിസിനസ് നടത്തുന്നകാര്യം അറിയില്ലെന്നുമുള്ള റിപ്പോര്‍ട്ടാണ് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ പെട്രോള്‍ പമ്പ് നടത്തുന്ന പ്രശാന്തിന്റെ ബന്ധുവാണ് ചെങ്ങളായിയില്‍ പുതിയ പമ്പിനുള്ള അപേക്ഷ നല്‍കുന്നതിന് നീക്കം നടത്തിയത്. അത് പ്രശാന്തിനെക്കൊണ്ട് കൊടുപ്പിക്കുകയായിരുന്നു. സാമുദായികമായ ചില ഇളവുകള്‍ ലഭിക്കുമെന്നതിനാലായിരുന്നു ഇത്.
സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ചേര്‍ന്ന് കണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സും സംശയത്തിലാണ്. അതിന് പിന്നിലുള്ളവരാണ് പുതിയ പമ്പിനായി പണമിറക്കുന്നതെന്നാണ് മറ്റൊരാരോപണം. പ്രശാന്തിനെ മെഡിക്കല്‍ കോളേജില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒരു ചുക്കും നടന്നില്ല. ദിവ്യക്കെതിരെ നടപടി പാര്‍ട്ടിസമ്മേളന കാലമായതിനാല്‍ അതുകഴിഞ്ഞ് മതി അച്ചടക്ക നടപടിയെന്നായിരുന്നു മുന്‍ ധാരണ. പക്ഷേ, അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെടുക്കാനാണ് ഇപ്പോഴത്തെ പാര്‍ട്ടിനീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയിലെ തീര്‍പ്പ് വരുന്നതോടെ നടപടിയുമുണ്ടാകും. നിലവില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ് ദിവ്യ.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ വിവാദപ്രസംഗത്തിന് പിന്നാലെ എ.ഡി.എം. മരിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ദിവ്യയെ പൂര്‍ണമായും തള്ളിപ്പറയാന്‍ ജില്ലാകമ്മിറ്റി തയ്യാറായില്ല. ദിവ്യയുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതോടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി വിശദീകരണവും ചോദിച്ചു. കളക്ടര്‍ വിളിച്ചിട്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അഴിമതിക്കാര്യം സദുദ്ദേശ്യത്തോടെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ദിവ്യയുടെ നിലപാട്. പക്ഷേ പോലീസ് അന്വേഷണത്തില്‍ ദിവ്യ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാന്‍ ദിവ്യയാണ് കളക്ടറോട് ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമായി. ദിവ്യയുടെ ഫോണ്‍ കോള്‍ വിവരങ്ങളുടെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.
യാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടര്‍ അരുണ്‍ കെ.വിജയനും തമ്മില്‍ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍സംഭാഷണം നടത്തിയിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കളക്ടറുടെ ക്ഷണപ്രകാരമാണ് യാത്രയയപ്പ് ചടങ്ങില്‍ എത്തിയതെന്നാണ് ദിവ്യ പറഞ്ഞത്. രാഷ്ട്രീയ താത്പര്യപ്രകാരമാണ് പ്രതിചേര്‍ത്തതെന്നും ഹര്‍ജിയില്‍ പറഞ്ഞു. വഴിയേ പോകുന്നതിനിടെയാണ് ചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്നാണ് 14ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ പറഞ്ഞത്.
എന്നാല്‍ ദിവ്യയുടെ വക്കീലിന്റെ വാദം വിചിത്രമായിരുന്നു. പ്രശാന്തിന്റെ പരാതിക്ക് പിന്നാലെ എഡിഎമ്മിനെ വിളിച്ചു. എന്‍ഒസി വേഗത്തില്‍ ആക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഡിഎം നടപടി എടുത്തില്ല. കൈക്കൂലി വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. കളക്ടര്‍ക്കൊപ്പം പങ്കെടുത്ത പരിപാടിയിലേക്ക് അനൗദ്യോഗികമായി കളക്ടര്‍ ക്ഷണിച്ചെന്നും കോടതിയില്‍ വാദിച്ചു. യാത്രയയപ്പ് പരിപാടി ഉണ്ട്, പങ്കെടുക്കില്ലേ എന്ന് കളക്ടര്‍ ചോദിച്ചു. കളക്ടറെ വിളിച്ച് പങ്കെടുക്കും എന്നും അറിയിച്ചു. പരിപാടിക്ക് എത്തിയത് ക്ഷണിച്ചിട്ടാണെന്നും സംസാരിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ക്ഷണിച്ചിട്ടെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തി. ഇങ്ങനെ പോയാല്‍ അഴിമതിക്കെതിരെ ആര്‍ക്കും സംസാരിക്കാന്‍ കഴിയില്ല. അനങ്ങാതിരിക്കാന്‍ ഒരുക്കമല്ല, നവീന്‍ ബാബുവിന് പല മാര്‍ഗങ്ങളും സ്വീകരിക്കാമായിരുന്നു. ദിവ്യയെ വന്ന് കാണാമായിരുന്നു. ആത്മഹത്യയാണോ മാര്‍ഗ്ഗം എന്നും ദിവ്യയുടെ അഭിഭാഷകന് വാദിച്ചു. ഗംഗാധരന്റെ പരാതിയുടെ കാര്യം താന്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. അച്ഛന് അസുഖമുണ്ട്, മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നുവെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പൊതു പരിപാടിയില്‍ മാധ്യമം വന്നതില്‍ തെറ്റില്ല. വിശുദ്ധന് ആണെങ്കില്‍ പ്രസംഗത്തില്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും പരിപാടി കഴിഞ്ഞ് കുറേ സമയം കഴിഞ്ഞാണ് മരണം എന്നും കോടതിയില്‍ വാദിച്ചു. പ്രശാന്തും ഗംഗാധരനും പറഞ്ഞത് കളവാണോ എന്നറിയില്ല. അവര്‍ പറഞ്ഞ പരാതി പ്രതിപാദിക്കുകയാണ് ചെയ്തത്. നീ പോയി തൂങ്ങി മരിച്ചോ എന്ന് പറഞ്ഞാല്‍ പോലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞതെന്ന് ദിവ്യയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. പക്ഷേ, എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഓര്‍ക്കുമോ, അതോ അച്ഛന്റെ അന്ത്യകര്‍മ്മം ചെയ്ത പെണ്മക്കളെ ഓര്‍ക്കുമോ കോടതിയെന്നറിയാന്‍ 29 വരെ കാക്കുകയേ നിര്‍വാഹമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: