ന്യൂദല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയെ സമീപിക്കാതെ ഹര്ജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നകാര്യം അറിയാമെന്നും കോടതി പറഞ്ഞു. അഭിഭാഷകന് അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. അദ്ദേഹം തന്നെയാണ് വാദിച്ചതും. എന്നാല്‍ ഇത് ചട്ടവിരുദ്ധം ആണെന്ന് ജസ്റ്റിസ് എസ്.വി. ഭട്ടി പറഞ്ഞു.
പാലിക്കേണ്ട നടപടിക്രമങ്ങള്‍ അജീഷ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ നിഷാദ് ഹാജരായി ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: