Cricket

കളിമറന്നു: ഭാരതം ആദ്യ ഇന്നിങ്‌സ് 156 റണ്‍സില്‍ തീര്‍ന്നു; ന്യൂസീലന്‍ഡ് ലീഡ് 300 കടന്നു

Published by

പൂനെ: സ്പിന്നര്‍മാര്‍ക്ക് വിരാജിക്കാന്‍ കഴിയുന്ന പൂനെയിലെ പിച്ചില്‍ നിറഞ്ഞാടി ന്യൂസീലന്‍ഡ്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം പൂനെ എംസിഎ സ്റ്റേഡിയം കണ്ടത് ന്യൂസീലന്‍ഡിന്റെ സര്‍വാധിപത്യമാണ്. ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സിന് മേല്‍ നൂറ് റണ്‍സ് ലീഡ് കൈവരിച്ച അവര്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 198 എന്ന ശക്തമായ നിലയിലാണ്. മൊത്തം ലീഡ് 301 ആയി ഉയര്‍ന്നു.

സ്‌കോര്‍: ന്യൂസീലന്‍ഡ്- 259, 198/5(53 ഓവറുകള്‍); ഭാരതം- 156

പൂനെയില്‍ കിവീസ് സ്പിന്നര്‍മാര്‍ കളി കൈയ്യടക്കുന്ന ചിത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ പെരുമയൊത്ത ബാറ്റിങ് നിരയെ ന്യൂസീലന്‍ഡ് സ്പിന്‍ ദ്വയം മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫില്ലിപ്‌സും ചേര്‍ന്ന് കശാപ്പുചെയ്യുകായിരുന്നു ഇന്നലെ. സാന്റ്‌നര്‍ ഏഴ് ഭാരത വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഫില്ലിപ്‌സ് രണ്ട് പേരെ പുറത്താക്കി. തലേന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സില്‍ നിന്ന ഭാരത ടീമിനെ പിച്ചി ചീന്തിയ കിവീസിന് ഉചിതമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിച്ചിട്ടില്ല.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അവര്‍ക്കെതിരെ ഭാരത നായകന്‍ രോഹിത് ശര്‍മ്മ ന്യൂബോള്‍ ഏല്‍പ്പിച്ചത് ആര്‍. അശ്വിനെയാണ്. ഒപ്പം പന്തെറിഞ്ഞു തുടങ്ങിയത് ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച ഹീറോ വാഷിങ്ടണ്‍ സുന്ദറും. കൃത്യമായ ഇടവേളകളില്‍ ഭാരതം വിക്കറ്റുകള്‍ വീഴ്‌ത്തുന്നുണ്ടെങ്കിലും നായകന്‍ ടോം ലാതം അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ നിലകൊണ്ടത് ഭാരതത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. പത്ത് ബൗണ്ടറികളുടെ ബലത്തില്‍ 133 പന്തുകള്‍ നേരിട്ട ലാതം 86 റണ്‍സെടുത്താണ് പുറത്തായത്. മത്സരം ഇന്നലെ പിരിയുന്നതിന് മുമ്പ് അവസാനമായി പുറത്തായത് ലാതം ആണ്. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. കിവീസ് നിരയ്‌ക്ക് നഷ്ടപ്പെട്ട അഞ്ചില്‍ നാല് വിക്കറ്റുകളും സുന്ദര്‍ ആണ് സ്വന്തമാക്കിയത്. വില്‍ യങ്ങിനെ അശ്വിന്‍ പുറത്താക്കി. സ്പിന്‍ ബൗളറെങ്കിലും രവീന്ദ്ര ജഡേജയ്‌ക്കെതിരെ കിവീസ് ബാറ്റര്‍മാര്‍ നന്നായി സ്‌കോര്‍ ചെയ്തു. ഇന്നലെ മത്സരം പിരിയുമ്പോള്‍ ടോം ബ്ലണ്ടലും(30) ഫില്ലിപ്‌സും(ഒമ്പത്) ആണ് ക്രീസില്‍.

നേരത്തെ 30 റണ്‍സ് വീതമെടുത്ത യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും പിന്നീട് രവീന്ദ്ര ജഡേജയും(38) മാത്രമാണ് ഭാരതത്തിനായി പേരിനെങ്കിലും പോരാട്ട വീര്യം കാഴ്‌ച്ചവച്ചത്. പന്തുകൊണ്ട് കിവീസിനെ ഞെട്ടിച്ച വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റിങ്ങിലും തന്നാലാകുന്ന വിലപ്പെട്ട സംഭാവന നല്‍കി. 18 റണ്‍സെടുത്ത സുന്ദര്‍ ആണ് ഭാരത നിരയില്‍ പുറത്താകാതെ നിന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by