കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലീസ് സേനയില്‍ സിവിക് വോളണ്ടിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിനെതിരെ നടത്തിയ നിര്‍ണായക നിരീക്ഷണങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ്, സര്‍ക്കാര്‍ നടപടികളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടുത്ത അതൃപ്തി അറിയിച്ചു.
2021 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൊത്തം സിവിക് വോളണ്ടിയര്‍മാരുടെ എണ്ണം, അവര്‍ക്ക് നല്‍കിയ ആകെ തുക, സിവില്‍ വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമപരമായ അധികാരം, അനുമതി, അത്തരം റിക്രൂട്ട്‌മെന്റ് നടത്തിയതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍, വിന്യാസത്തിന് മുമ്പ് അവര്‍ക്ക് പരിശീലനം നല്‍കുന്ന സംവിധാനം , സിവിക് വോളണ്ടിയര്‍മാരെ നിയമിക്കുന്ന വകുപ്പുകള്‍, ജോലിയുടെ കാലാവധി, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ആകെ അനുവദിച്ച തസ്തികകളുടെയും ഒഴിവുകളുടെയും എണ്ണം, ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന മൊത്തം സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം, സ്ഥിരം ജീവനക്കാരുടെ തസ്തികകള്‍ നികത്താത്തതിന്റെ കാരണം എന്നിങ്ങനെ പന്ത്രണ്ടു കാര്യങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടുകയും ചെയ്തു.
അടുത്തിടെ, ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജില്‍.ഒരു ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യത്തിലെ ‘ഏക പ്രധാന പ്രതി’ സഞ്ജയ് റോയ് അത്തരമൊരു സിവിക് വോളന്റിയറായിരുന്നു എന്ന് കണ്ടത്തിയിരുന്നു.
സിവിക് വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുന്ന സമ്പ്രദായത്തിലെ പാളിച്ചകള്‍ സംബന്ധിച്ച നിരവധി ആക്ഷേപങ്ങള്‍ കത്തില്‍ ഗവര്‍ണര്‍ എടുത്തുകാണിച്ചിട്ടുണ്ട്. നിയമനത്തിന്റെ നിയമസാധുത, ശരിയായ പരിശോധനകളില്ലാതെ നടത്തുന്ന റിക്രൂട്ട്‌മെന്റ്, രാഷ്‌ട്രീയ സ്വാധീനം, അപര്യാപ്തമായ പരിശീലനം, പരിമിതമായ ഉത്തരവാദിത്തമില്ലായ്മ, ദുരുപയോഗസാധ്യതകള്‍, യോഗ്യത സംബന്ധിച്ച അവ്യക്തത, സുതാര്യതയുടെ അഭാവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സിവിക് വോളന്റിയര്‍മാര്‍ രാഷ്‌ട്രീയ നിയന്ത്രണത്തിലാണെന്നും പക്ഷപാതപരമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറച്ചുകാലമായി ആക്ഷേപമുയര്‍ത്തിയിരുന്നു.
ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക ദുരന്തം സംസ്ഥാനസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ ഗവര്‍ണര്‍ തുടക്കം മുതല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.കേസ് സിബിഐക്ക് കൈമാറുന്നതിന് മുമ്പ് കൊല്‍ക്കത്ത പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ അപാകതകളും മാതാപിതാക്കളുടെ ആഗ്രഹം അവഗണിച്ച് മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചത് സംബന്ധിച്ച പരാതികളും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: