India

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായ ഒരു നങ്കൂരമായി മാറി : പ്രധാനമന്ത്രി മോദി

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം കഴിവുള്ളതും ശക്തവുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ പരിവർത്തന പങ്കാളിത്തമാണെന്നും അത് വെറും ഇടപാട് ബന്ധമല്ലെന്നും മോദി വ്യക്തമാക്കി

Published by

ന്യൂദൽഹി : ഇന്ത്യയും ജർമനിയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള ഏഴാമത് ഇൻ്റർ ഗവൺമെൻ്റൽ കൺസൾട്ടേഷനിൽ (ഐജിസി) പങ്കെടുക്കവെയാണ് അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ചത്.

ലോകം പിരിമുറുക്കങ്ങളും സംഘർഷങ്ങളും അനിശ്ചിതത്വവും നേരിടുമ്പോൾ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായ ഒരു നങ്കൂരമായി ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം കഴിവുള്ളതും ശക്തവുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ പരിവർത്തന പങ്കാളിത്തമാണെന്നും അത് വെറും ഇടപാട് ബന്ധമല്ലെന്നും മോദി വ്യക്തമാക്കി.

ലോകം ഇപ്പോൾ പിരിമുറുക്കങ്ങളുടെയും സംഘർഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇൻഡോ-പസഫിക് മേഖലയിൽ നിയമവാഴ്ചയെക്കുറിച്ചും സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചും ഗുരുതരമായ ആശങ്കയുണ്ട്. ഇതുപോലുള്ള സമയങ്ങളിൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായ ഒരു നങ്കൂരമായി ഉയർന്നുവന്നിട്ടുണ്ടെന്ന്മോദി പറഞ്ഞു.

ഷോൾസിന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമാണിതെന്നും ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സൗഹൃദത്തിന്റെ “ട്രിപ്പിൾ ആഘോഷം ” ഇവിടെ അടയാളപ്പെടുത്തിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ 2022-ൽ ബെർലിനിൽ നടന്ന അവസാന സമ്മിറ്റിൽ ഉഭയകക്ഷി സഹകരണത്തിനായി തങ്ങൾ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നു. തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളിലെയും തന്ത്രപരമായ വിവിധ മേഖലകളിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. പരസ്പര വിശ്വാസത്തിന്റെ പ്രതീകങ്ങളായി മാറിയ പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, ഹരിത, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിച്ചുവരികയാണെന്നും മോദി പറഞ്ഞു.

ഇതിനു പുറമെ ജർമ്മനി പ്രഖ്യാപിച്ച ‘ഫോക്കസ് ഓൺ ഇന്ത്യ’ തന്ത്രത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജർമ്മനിയുമായി ഇന്ത്യയ്‌ക്ക് ഉള്ള ഒരു സവിശേഷ സംവിധാനമാണ് ഐജിസി. ഐജിസി സംവിധാനം 2011ലാണ് തുടങ്ങുന്നത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപഴകലിന്റെ പുതിയ മേഖലകൾ തിരിച്ചറിയുന്നതിനും സഹകരണത്തിന്റെ സമഗ്രമായ അവലോകനത്തിനും ഈ ആശയം ഏറെ സഹായകരമാകുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by