പല്ലിന്റെ ഭംഗിയെന്നത് നമ്മുടെ മുഖ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണല്ലേ. എന്നാല്‍ പല്ലിന്റെ നിറം നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ പലപ്പോഴും ചെയ്യാറുണ്ടെങ്കിലും ആരോഗ്യ സംബന്ധമായി ഇവ പരിപാലിക്കപ്പെടുന്നുണ്ടോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. മിക്ക ആരോഗ്യപ്രശ്‌നങ്ങളും നിത്യജീവിതത്തില്‍ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പല്ലുവേദന മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് നിസ്സാരമല്ല. അത്ര ഗൗരവമില്ലാത്ത തരത്തിലുള്ള വേദനയ്‌ക്ക് ചെറിയ പൊടിക്കൈകള്‍ വീട്ടില്‍ തന്നെ ചെയ്യാനാകും. ഇവ എന്തൊക്കെയെന്ന് നോക്കിയാലോ?
ഐസ് പാക്ക്…
മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കില്‍ ഐസ് പാക്ക് വയ്‌ക്കുന്നത് വേദനയ്‌ക്ക് ആശ്വാസം കിട്ടും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടവിട്ട് വയ്‌ക്കാവുന്നതാണ്.
നെല്ലിക്ക…
ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. പല്ല് വേദന തടയുന്നതിനും നെല്ലിക്ക പ്രയോജനപ്രദമാണ്. പല്ലുവേദന മാറുന്നതിനായി ഒരു മരുന്നെന്ന പോലെയല്ല നെല്ലിക്ക പ്രവര്‍ത്തിക്കുക. മറിച്ച്, ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ പല്ലുവേദനയെ പ്രതിരോധിക്കുന്നതിനാണ് ഇത് സഹായകമാകുക. നെല്ലിക്ക പൊടി രു ടീസ്പൂണ്‍ എന്ന അളവില്‍ ദിവസവും കഴിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.
വീറ്റ്ഗ്രാസ്…
പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാല്‍ തന്നെ നിരവധി പേര്‍ ഇന്ന് വീടുകളില്‍ വീറ്റ്ഗ്രാസ് വളര്‍ത്തുന്നുണ്ട്. ഇതും പല്ലുവേദനയ്‌ക്ക് ആശ്വാസം നല്‍കാന്‍ സഹായകമാണ്. ഇതും വെറുതെ വായിലിട്ട് ചവച്ചാല്‍ തന്നെ ആശ്വാസം ലഭിക്കുന്നതാണ്.
മഞ്ഞള്‍…
ആയുര്‍വേദ വിധിപ്രകാരം ഒരുപാട് ഔഷധഗുണമുള്ള മറ്റൊരു കൂട്ടാണ് മഞ്ഞള്‍. ഇതും പല്ലുവേദനയ്‌ക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. നന്നായി പൊടിച്ച മഞ്ഞള്‍ അല്‍പം മസ്റ്റര്‍ഡ് ഓയിലില്‍ ചാലിച്ച്, പേസ്റ്റ് പരുവത്തിലാക്കി അത് വേദനയുള്ള ഭാഗത്ത് തേച്ചാല്‍ മതിയാകും.
വെളുത്തുള്ളി…
ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാന്‍ സഹായിക്കും.
ഗ്രാമ്പൂ…
പല്ലുവേദനയ്‌ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും.
ഉപ്പിട്ട വെള്ളം…
ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാന്‍ സഹായിക്കും. വായ്‌ക്കകത്തുള്ള നീര് കുറയ്‌ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്‌ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: