ഭാരതത്തിലെ അതിപുരാതന ആദ്ധ്യാത്മിക സമ്പ്രദായങ്ങളില്‍പ്പെടുന്നതും ഇന്നും പരക്കെ സജീവമായി നിലനില്ക്കുന്നതുമാണ് ഹിന്ദുധര്‍മത്തിലെ വൈഷ്ണവ ശാഖ. ഇതിന്റെ തുടക്കം വേദത്തില്‍ നിന്നാണെങ്കിലും വ്യവസ്ഥാപിതമായ സമ്പ്രദായമെന്ന നിലയില്‍ ഇതാദ്യം വികസിച്ചത് ദക്ഷിണദേശത്തായിരുന്നു. പിന്നീടത് ഭാരതത്തിന്റെ വടക്കും പടിഞ്ഞാറും പിന്നെ വടക്കുപടിഞ്ഞാറന്‍ നാടുകളിലും ആഗോളതലത്തിലും പ്രസരിക്കുകയുണ്ടായി. സംഘകാലത്ത് ദക്ഷിണഭാരതത്തില്‍ പരക്കെ ആചരിക്കപ്പെട്ട വൈഷ്ണവ സമ്പ്രദായം മദ്ധ്യകാലത്ത് ഭാരതമൊട്ടുക്ക് വ്യാപിച്ച ഭക്തിപ്രസ്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ചതായി കാണാം. വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷ്ണുവാണ് വൈഷ്ണവ സമ്പ്രദായത്തിലെ ആത്യന്തിക സത്യം.
ഉപനിഷത്തുകള്‍, ആഗമങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള തത്ത്വചിന്തയും അനുഷ്ഠാനങ്ങളുമാണ് വൈഷ്ണവ സമ്പ്രദായം പിന്തുടരുന്നത്. ഋക്ക്, യജുസ്സ്, സാമം എന്നീ വേദങ്ങളില്‍ സൃഷ്ടിക്ക് കാരണക്കാരനും സൃഷ്ടിയുടെ നിയന്താവുമായ വിഷ്ണുവിന് സ്തുതിയര്‍പ്പിക്കുന്ന മന്ത്രങ്ങളുണ്ട്. ഉപനിഷത്തുകളില്‍ വിഷ്ണുവിനെ അനേകം ഗുണങ്ങളോടുകൂടിയ ബ്രഹ്മമായി (സഗുണ ബ്രഹ്മം) വാഴ്ത്തുന്നു. തൈത്തിരീയ ഉപനിഷത്തില്‍ പറയുന്ന പ്രകാരം വേദത്തിലെ ‘പുരുഷ സൂക്ത’ത്തില്‍ സ്തുതിക്കപ്പെടുന്ന ‘പുരുഷന്’ സൃഷ്ടിയുടെ നിയന്താവാകുന്ന ഭഗവാന് നാരായണനാണ്.
വൈഷ്ണവര്‍ ഈശ്വരസാക്ഷാത്കാരത്തിന് ഭക്തിയെ ഉപാധിയാക്കുന്നതും, മോക്ഷമാര്‍ഗ്ഗം ഉപദേശിക്കുന്നതും ഉപനിഷത്തുകളെ അനുഗമിച്ചുകൊണ്ടാണ്. വേദങ്ങളെ പിന്തുടര്‍ന്ന ആഗമങ്ങളിലാണ് വൈഷ്ണവ സിദ്ധാന്തങ്ങളുടെ വിശദീകരണം കാണാന്‍ സാധിക്കുക. സിദ്ധാന്തങ്ങള്‍ കൂടാതെ വിഗ്രഹ പ്രതിഷ്ഠ, ആരാധന, ക്ഷേത്രനിര്‍മാണം, ഉത്സവങ്ങളുടെ നടത്തിപ്പ് മുതലായ അനുഷ്ഠാന രീതികളും ആഗമങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ശൈവര്‍, ശാക്തേയര്‍, വൈഷ്ണവര്‍ എന്നിവര്‍ ആഗമങ്ങളെ വേദങ്ങള്‍ക്ക് സമാനമായി കരുതുന്നു. ‘പഞ്ചരാത്ര സംഹിത’ എന്ന പേരിലാണ് വൈഷ്ണവരുടെ ആഗമങ്ങള്‍ അറിയപ്പെടുന്നത്. ശൈവരുടെയും ശാക്തേയരുടെയും ആഗമങ്ങളില്‍ കാണുന്നതുപോലെ പഞ്ചരാത്ര സംഹിതയിലും വൈദിക ദര്‍ശനത്തിലെ നിര്‍ഗുണ പരബ്രഹ്മവും (സത്-ചിത്-ആനന്ദ സ്വരൂപം) മംഗളകരമായ അനേകം സദ്ഗുണങ്ങളോടു കൂടിയ ഈശ്വരസ്വരൂപവും ഒന്നിക്കുന്നു. ഇപ്രകാരം വിഷ്ണുവിന്റെ സ്വരൂപ സച്ചിദാനന്ദം മാത്രമല്ല, അനന്തശക്തിയുടെ അടിസ്ഥാനവുമാകുന്നു. അനേകം ദൈവിക ഗുണങ്ങളോടുകൂടിയ ഈ സ്വരൂപം ബ്രഹ്മാണ്ഡത്തിന്റെ നിമിത്ത കാരണവും നിയന്താവും ആകുന്നു.
ആഗമങ്ങളിലൂടെ മാത്രമല്ല, ഇതിഹാസപുരാണങ്ങളിലൂടെയും വൈഷ്ണവ സമ്പ്രദായം വികാസം പ്രാപിക്കുകയുണ്ടായി. ഇതിഹാസങ്ങളിലെ നായകന്മാരായ ശ്രീരാമനും ശ്രീ കൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങളായി കരുതപ്പെടുന്നു. പുരാണങ്ങളില്‍ മഹാഭാഗവതം, വിഷ്ണുപുരാണം തുടങ്ങിയവ, ബ്രഹ്മാവും ശിവനും ഉള്‍പ്പെടെയുള്ള ദേവന്മാരില് വിഷ്ണുവിനെയാണ് സര്‍വ്വശ്രേഷ്ഠനായി അവതരിപ്പിക്കുന്നത്.
ആഴ്വാന്മാരുടെ ആത്മീയത
ഒരു പ്രസ്ഥാനമായി വൈഷ്ണവ സമ്പ്രദായം ആദ്യം പ്രചരിച്ചത് ഏതാണ്ട് ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനുമിടയ്ക്ക് ദക്ഷിണഭാരതത്തിലെ ആഴ്വാന്മാരിലൂടെയും, അവരെ വ്യാഖ്യാനിച്ച ആചാര്യന്മാരിലൂടെയുമായിരുന്നു. അക്കാലത്തെ ഭക്തകവികളായിരുന്ന ആഴ്വാന്മാരുടെ ഭക്തിനിര്‍ഭരമായ ഭാവഗാനങ്ങള്‍ വൈഷ്ണവ പ്രസ്ഥാനത്തിന് ഏറെ പ്രചാരം നല്കി. ഭാരത ചരിത്രത്തിലെ ആഴ്വാന്മാരുടെ ഈ വൈഷ്ണവ പ്രസ്ഥാനം ഉദയം കൊണ്ടത്, ദക്ഷിണഭാരതത്തില്‍ അക്കാലത്ത് വ്യാപിച്ചു തുടങ്ങിയ വിഭിന്നങ്ങളായ ബുദ്ധ-ജൈന മതങ്ങളെ നേരിടാന്‍ വേണ്ടിയായിരുന്നു. അന്യമതങ്ങളിലേക്കുള്ള പരിവര്‍ത്തനം മൂലമുണ്ടായേക്കാവുന്ന സാംസ്കാരിക പ്രതിസന്ധിയെ മുന്കൂട്ടിക്കണ്ടുകൊണ്ട് വൈഷ്ണവരായ ആഴ്വാന്മാരും ശൈവരായ നായനാര്‍മാരും ഭക്തിക്ക് മുന്‍തൂക്കം നല്കുന്ന കൃതികള്‍ രചിച്ചുകൊണ്ടും അവ ജനമദ്ധ്യത്തില്‍ ആലപിച്ചുകൊണ്ടും ഹൈന്ദവ ധര്‍മത്തിന്റെ പ്രാമുഖ്യം ഉറപ്പാക്കി. ആഴ്വാന്മാരുടെ തമിഴ് കൃതികളുടെ ശേഖരമായ ‘നാലായിരം ദിവ്യ പ്രബന്ധം’ ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ഇതിലുള്‍പ്പെടുന്നതും നമ്മാഴ്വാര്‍ രചിച്ചതുമായ ‘തിരുവായ്മൊഴി’ തമിഴ്വേദം എന്ന പേരില്‍ കീര്‍ത്തിയാര്‍ജിച്ചു.
ആഴ്വാന്മാരുടെ വചനങ്ങള്‍ വ്യക്തമാക്കുന്ന പ്രകാരം വിഷ്ണു പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മാവാകുന്നു. പൂര്‍ണ്ണസമര്‍പ്പണ ഭാവത്തോടെ വിഷ്ണുവിനെ ഭജിക്കുക വഴി പരമപുരുഷാര്‍ത്ഥം പ്രാപ്തമാക്കാവുന്നതാണ്. തീവ്രതയുടെ കാര്യത്തില്‍ ആഴ്വാന്മാരുടെ ഭക്തി ലൗകികരുടെ ഭൗതിക തൃഷ്ണയോട് സാമ്യം പുലര്‍ത്തുന്നതാണ്. എന്നാല്‍ ലൗകിക തൃഷ്ണ ഏതെങ്കിലും ഭൗതിക ലക്ഷ്യം വച്ചുള്ളതാണല്ലോ. ഭക്തിയാവട്ടെ, ഈശ്വരനോടുള്ള അടങ്ങാത്ത അഭിനിവേശമാകുന്നു. ഇതില്‍ ലോകത്തോടുള്ള വിരക്തിയും സംഭവിക്കുന്നു. ഇപ്രകാരമുള്ള പരാഭക്തി ഒരാളെ മോക്ഷത്തിലേക്ക് നയിക്കാന്‍ യോഗ്യനാക്കുന്നു.
ആഴ്വാന്മാര്‍ക്കു ശേഷം ഭക്തി പ്രസ്ഥാനകാലത്ത് മുന്നോട്ടുവന്ന ആചാര്യന്മാരാണ് വൈഷ്ണവ പാരമ്പര്യത്തെ നയിച്ചത്. വൈഷ്ണവ ചിന്തകള്‍ വൈദിക കാലത്ത് തുടങ്ങി ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും, വിവിധ കാലഘട്ടങ്ങളില്‍ പ്രസിദ്ധീകൃതമായ കൃതികളിലെയെല്ലാം സിദ്ധാന്തങ്ങളെ യോജിപ്പിച്ച് ബലപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്ത ആചാര്യന്മാരില് പ്രമുഖരായിട്ടുള്ളവര്‍ നാഥമുനി, യമുനാചാര്യന്‍, രാമാനുജന് എന്നിവരാണ്. ഇപ്രകാരം ഉരുത്തിരിഞ്ഞ നാല് വൈഷ്ണവ സമ്പ്രദായങ്ങളാണ് ‘ശ്രീ സമ്പ്രദായം’ (മഹാലക്ഷ്മി ഉപദേശിച്ചതായി പറയപ്പെന്നു), ‘രുദ്ര സമ്പ്രദായം’ (ഭഗവാന് ശിവന് ഉപദേശിച്ചത്), ‘ബ്രഹ്മ സമ്പ്രദായം’ (ഇതില്‍ ബ്രഹ്മാവ് ഗുരുവാകുന്നു), ‘കുമാര സമ്പ്രാദയം’ (ഇവിടെ സനത്കുമാരനാണ് ഗുരു) എന്നിവ.
‘ശ്രീ വൈഷ്ണവ സമ്പ്രദായം’ പ്രധാനമായി പ്രചരിച്ചത് ദക്ഷിണേന്ത്യയിലായിരുന്നു. തമിഴ്നാട്ടില്‍ പത്താം നൂറ്റാണ്ടില്‍ നാഥമുനിയാണ് ഇതിന് അടിത്തറ പാകിയത്. ഇതിന് പ്രചോദനമേകിയതാകട്ടെ ഉത്തര ഭാരതത്തില്‍ ശ്രീകൃഷ്ണ തൃപ്പാദങ്ങളാല്‍ പരിപാവനമാക്കപ്പെട്ട വൃന്ദാവനത്തിലേക്കുള്ള തീര്‍ത്ഥാടനവും. ആഴ്വാന്മാരുടെ നാലായിരം ദിവ്യ പ്രബന്ധത്തിലെ കീര്‍ത്തനങ്ങളെ കണ്ടെത്തി പുനഃപ്രകാശനം ചെയ്തുക്കൊണ്ട് നാഥമുനി വൈഷ്ണവ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനയാണ് നല്‍കിയത്. വൈഷ്ണവര്‍ പഞ്ചരാത്ര ആഗമങ്ങളോടൊപ്പം വേദ മന്ത്രങ്ങളും ഉള്‍പ്പെടുത്തുക വഴി ആഗമങ്ങളെ വൈദിക ദര്‍ശനത്തോട് കൂടുതല്‍ ബന്ധിപ്പിക്കുകയുണ്ടായി. നാഥമുനിയെ പിന്തുടര്‍ന്ന യമുനാചാര്യനും പഞ്ചരാത്രങ്ങളെയും വേദങ്ങളെയും സമമായിക്കരുതുകയും, ആദ്ധ്യാത്മിക സാധനയില്‍ ഭക്തിയോടെയുള്ള ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: