Thiruvananthapuram

പൂത്തുലഞ്ഞ കുടപ്പന കണ്ടിട്ടുണ്ടോ? എങ്കില്‍ പോന്നോളൂ കാരക്കോണത്തേക്ക്

Published by

സജിചന്ദ്രന്‍
വെള്ളറട: അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കി കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. പൂത്തുലഞ്ഞാല്‍ ജീവിത ചക്രമവസാനിക്കുന്ന വൃക്ഷമാണ് കുടപ്പന. കാരക്കോണം മെഡിക്കല്‍ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത്. അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ് കാണാനായി എത്തുന്നത്.

20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂവിടുക. കുടപ്പന പൂവിട്ടാല്‍ ഒരു വര്‍ഷമെടുക്കും കായ്കള്‍ പഴുത്തുതുടങ്ങാന്‍. കുലയ്‌ക്കുന്നതോടെ പനകള്‍ക്ക് നാശവും സംഭവിക്കും. 30 വര്‍ഷമെടുക്കും ഒരു പന പൂവിടാന്‍. മുന്‍ കാലത്ത് പനംകായ്കള്‍ ചതച്ചെടുത്ത് ജലാശയങ്ങളില്‍ നഞ്ച് കലക്കി മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്നു. പനംകായ്കള്‍ ഇടിച്ച് ആനകള്‍ക്ക് തീറ്റയായും നല്‍കും. പന കുലച്ചു കഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനു ള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിക്കും.

ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ഓലകള്‍ കുടയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് കുടപ്പന എന്ന പേര് വന്നത്. വീടുകളുടെ മേല്‍ക്കൂര മേയാനായി ഇതിന്റെ ഓലകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. കുടപ്പന കുടകള്‍ കാര്‍ഷിക മേഖലയില്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്. അനുഷ്ഠാന പരമായ ആവശ്യങ്ങള്‍ക്കും അലങ്കാരാ വശ്യത്തിനും ഇതുകൊണ്ട് കുടകള്‍ ഉണ്ടാക്കാറുണ്ട്.

കേരള, കര്‍ണ്ണാടക തീര മലയോര പ്രദേശങ്ങളിലാണ് കുടപ്പന കൂടുതലായി കാണുന്നത്. ഇതിന് മറ്റു പനകളെ അപേക്ഷിച്ച് വളര്‍ച്ച വളരെ കുറവാണ്. കുടപ്പനകളുടെ ഇലകള്‍ക്ക് അവ നിലത്തു വിടര്‍ത്തിയിട്ടാല്‍ മൂന്നു മീറ്റര്‍ വരെ വ്യാസം ഉണ്ടാകും. തണ്ടുകള്‍ക്കു രണ്ടു മീറ്ററോളം നീളവും കാണും. താരതമ്യേന നിവര്‍ന്നു മുകളിലേക്കായാണ് തണ്ടുകള്‍ നിലകൊള്ളുക. ഇലയുടേയും തണ്ടിന്റേയും നിറം കടുത്ത പച്ചയാണ്.

വണ്ണവുംകൂടുതലുണ്ടാകും. എല്ലാ പനവര്‍ഗ്ഗങ്ങളിലുമെന്ന പോലെ തണ്ടിന്റെ രണ്ടരികിലും മുള്ളുകളുടെ നിരയുമുണ്ട്. എന്നാല്‍ ഇലകള്‍ക്ക് ബലം കുറവാണ്. ഇവയുടെ ഇലകള്‍ കോട്ടി കമഴ്‌ത്തി വച്ച കുമ്പിള്‍ പോലെയാക്കി ചെറിയ ഇനം കട വാതിലുള്‍ താവളമാക്കാറുണ്ട്. ഒട്ടേറെ സ്ഥലനാമങ്ങളും കുടപ്പനയുടെ പേരിലുണ്ട്.

കുടപ്പന ഒരിക്കല്‍ മാത്രമാണ് പുഷ്പിക്കുന്നതെങ്കിലും ഇതിലൂടെ അനേകായിരം വിത്തുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന സാവധാനം അവസാന ഓലകളും പൂത്തണ്ടും നശിച്ച് തായ്‌ത്തടി ജീര്‍ണ്ണിച്ച് പൂര്‍ണ്ണമായും നശിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by