ജയ്പൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള സംഘടിത അതിക്രമങ്ങള്‍ സമൂഹത്തെയും രാഷ്ട്രജീവിതത്തെയും ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക ഡോ. വി. ശാന്തകുമാരി. ഒന്നും ഒറ്റപ്പെട്ടതല്ല. ആസൂത്രിതവും സംഘടിതവുമാണ്. അത്തരം നീക്കങ്ങള്‍ക്ക് മറുപടി ശക്തിയുടെ സംഘടനയാണെന്ന് ശാന്തകുമാരി പറഞ്ഞു. രാഷ്ട്രസേവിക സമിതി ജയ്പൂര്‍ വിഭാഗ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അക്രമികള്‍ക്കെതിരെ പൊരുതി ജീവന് ബലിയര്‍പ്പിച്ച രാജസ്ഥാനിലെ ധീരവനിതകള്‍ എക്കാലത്തും മാതൃകയാണ്. ഭാരതമാതാവിന്റെ മകളെന്ന ജാഗ്രതയോടെയാണ് അവര്‍ പൊരുതിയത്. ഈ ഉണര്‍വ് എല്ലാ തലമുറകളിലേക്കും പകരുകയാണ് രാഷ്ട്രസേവികാ സമിതി ശാഖകള്‍ ചെയ്യുന്നത്. ആഴവും തീവ്രവുമായ സാധനയുള്ള അടിസ്ഥാന മാര്‍ഗമാണ് ശാഖ, ശാന്തകുമാരി ചൂണ്ടിക്കാട്ടി.
സൗഹൃദപൂര്‍വമായ പെരുമാറ്റം, സന്തോഷം, നിശ്ചയദാര്‍ഢ്യം എന്നിവ വീടും നാടും നയിക്കാന്‍ അനിവാര്യമാണ്. അതിന് ബുദ്ധിയും ശക്തിയും സമ്പത്തും ആര്‍ജിക്കണം. ഇത് മൂന്നും നല്ല വ്യക്തികള്‍ നേടുമ്പോള്‍ നാട് ശരിയായ ദിശയില്‍ മുന്നേറും. ശക്തിയും സമ്പത്തുമുള്ള ദുര്ജനങ്ങള് സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കും. അതുകൊണ്ട് യോഗ്യരായ വ്യക്തികളെ വാര്‍ത്തെടുക്കണമെന്ന് പ്രമുഖ സഞ്ചാലിക പറഞ്ഞു. ദേശീയപാത അതോറിറ്റി റീജണല്‍ ജനറല്‍ മാനേജര്‍ പ്രമീള ഗുപ്ത മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: