രാമചന്ദ്രന് മുല്ലശ്ശേരി
161 വര്‍ഷം മുമ്പാണ് കാവാരികുളം വീട്ടില്‍ കണ്ടന് കുമാരന് പിറന്നത്. ജാതിവിവേചനത്തിന്റെ നാളുകളില്‍ അതിന്റെ വിവേചനങ്ങള്‍ അനുഭവിച്ചും അതിനോട് മല്ലിട്ടും വളര്‍ന്നതാണ് കണ്ടന്റെയും മാണിയുടെയും മകന് കുമാരന്റെ ബാല്യം മുതലുള്ള ജീവിതം. പത്തനംതിട്ട മല്ലപ്പള്ളി കൊറ്റനാട് പെരുമ്പെട്ടി ഗ്രാമത്തിലെ കാവാരികുളം എന്ന സാംബവ ഭവനത്തില്‍ 1863 ഒക്ടോബര്‍ 25നായിരുന്നു കുമാരന്റെ ജനനം. മുഖ്യധാരാ ചരിത്രകാരന്മാര് തമസ്കരിക്കുകയും ജാതിക്കള്ളിയില്‍ തളച്ചിടാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ പോരാട്ട ചരിത്രം അതിനെയെല്ലാം മറികടന്നു. മണ്ണും മനുഷ്യാവകാശങ്ങളും നഷ്ടപ്പെട്ട പാര്ശ്വവല്കൃത ജനതയുടെ ബൗദ്ധിക, നൈതിക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.
കണ്ടന്‍കുമാരന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂറില്‍ അടിമത്തവും അടിമവ്യാപാരസമ്പ്രദായവും നിരോധിച്ചിട്ട് ഏഴ് വര്‍ഷവും 267 ദിവസവും പിന്നിട്ടിരുന്നു. നിരോധിച്ചെങ്കിലും അടിമത്തം സൃഷ്ടിച്ച സാമൂഹികവും ബൗദ്ധികപരവും സാമ്പത്തികവും സാംസ്കാരികവുമായ വടുക്കളും വിടവുകളും ആഴമേറിയതായിരുന്നു. ആടുമാടുകളെപ്പോലെ മനുഷ്യരെ ചന്തകളില്‍ കൊണ്ടുപോയി വിറ്റ് വില വാങ്ങിയും പാട്ടത്തിന് നല്‍കിയും പണയപ്പെടുത്തിയും ക്രയവിക്രയം ചെയ്തതായിരുന്നു ആ കാലം. ക്രൂരമായ ശാരീരിക പീഡനങ്ങളെ നിശബ്ദം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരായവരായിരുന്നു അടിമകള്‍. ജീവിതം ശിഥിലമായി. കുടുംബ വ്യവസ്ഥകളെ തകര്‍ത്തു. അസ്ഥിത്വം തന്നെ ഇല്ലായ്മ ചെയ്തു. ഫലമായി ഇതിനെല്ലാം ഇരയായ ജനങ്ങള്‍ സ്വത്വം നഷ്പ്പെട്ടവരായിത്തീര്ന്നു. 1855 സപ്തംബര്‍ 15ന് (1029 കന്നി 30) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ അടിമത്തവും അടിമവ്യാപാരവും നിരോധിച്ചതോടെ അടിമച്ചന്തകള്‍ അപ്രത്യക്ഷമായെങ്കിലും അടിമസമാന ജീവിതം പിന്നെയും അവശേഷിച്ചു.
സാമൂഹിക ജീവിതത്തില്‍ നിര്‍ഭയത്തോടെ, സ്വാതന്ത്ര്യത്തോടെ, സമത്വത്തോടെ ജീവിക്കാനും തുല്യനീതി അനുഭവിക്കാനും അവകാശമില്ലാതെ പിന്നെയും കാലങ്ങള്‍. നിരോധനങ്ങള്‍, നിഷേധങ്ങള്‍, തമസ്ക്കരണങ്ങള്‍… നിരത്തുകള്‍, ചന്തകള്‍, കിണറുകള്‍, കുളങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി മനുഷ്യന് പൊതുവായതെല്ലാം നിഷേധിച്ചു. വസ്ത്രവും ആഭരണവും ധരിക്കുന്നതിലും ഭക്ഷണം, കൂലി, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയവയിലുമൊക്കെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ഈ ദുഃസ്ഥിതിക്കെതിരെ സമഗ്രമായ വിമോചന സമരം ഏറ്റെടുക്കുകയായിരുന്നു കാവാരികുളം കണ്ടന്‍കുമാരന്‍ അടക്കമുള്ള സാമൂഹ്യ വിപ്ലവകാരികള്‍. 1911ല്‍ (1087 ചിങ്ങം 13) ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലനസംഘം രൂപീകരിച്ച് അതിന്റെ നായകനായാണ് അദ്ദേഹം പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. സ്വസമുദായത്തില്‍ സ്വയം നവീകരണമെന്ന ആശയത്തിന് പ്രഥമ പരിഗണന നല്കി മുന്നേറുകയും ജ്ഞാനസമ്പാദനത്തിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. തിരുവിതാംകൂറിലുടനീളം ശാഖകള്‍ രൂപീകരിച്ച് സമുദായത്തെ സംഘടിതമാക്കി.
പൊതു വിദ്യാലയങ്ങളിലെ പ്രവേശന വിലക്ക് സര്‍ക്കാര്‍ അവസാനിപ്പിച്ചെങ്കിലും ജാതിമേലാളന്മാര്‍ തടസമായപ്പോള്‍ 52 ഏകാദ്ധ്യാപകവിദ്യാലയങ്ങള് സ്ഥാപിച്ചു. അവയില്‍ വിവിധ ജാതികളില്‍പ്പെട്ട അദ്ധ്യാപകരെ നിയമിച്ചുകൊണ്ടാണ് അധഃസ്ഥിത ജനതയുടെ വിദ്യാഭ്യാസ വികസന വിപ്ലവത്തിനും ഇദം പ്രഥമമായി എയിഡഡ് വിദ്യാഭ്യാസത്തിനും കണ്ടന്‍കുമാരന്‍ തുടക്കമിട്ടത്.
1915ലാണ് അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്തത്. 1932 വരെ വിവിധസഭാ സമ്മേളനങ്ങളില്‍ അംഗമായി. ആ കാലം അവകാശപ്പോരാട്ടങ്ങളുടെ വേദിയായി സഭാതലം മാറി.
സ്വസമുദായത്തിന്റെ അവശതകള്‍ നീക്കുന്നതിനൊപ്പം സഹോദര സമുദായങ്ങള്‍ നേരിടുന്ന സമാന അനുഭവങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും അദ്ദേഹം സഭാംഗത്വം അവസരമാക്കി. പ്രധാനമായും ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, വരുമാന വര്‍ധന മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും നിര്‍ദേശങ്ങളുമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. സഹകരണ പ്രസ്ഥാനം, കാര്‍ഷിക – വ്യാവസായിക മേഖലകളിലെ സാധ്യതകള്‍ എന്നിവയും അദ്ദേഹം ശക്തമായി ഉന്നയിച്ചു. കണ്ടന് കുമാരന് അന്ന് മുന്നോട്ട് വച്ച സിദ്ധാന്തങ്ങള്‍ ഇന്നും പ്രസക്തമാണ്.
സാര്‍വത്രിക വിദ്യാഭ്യാസത്തിന് വേണ്ടി അദ്ദേഹം തുടര്‍ച്ചയായി വാദിച്ചു. തിരുവല്ല താലൂക്കിലെ മാരന്കുളത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കണമെന്ന് താന്‍ മുന്‍ അസംബ്ലിയില്‍ വാദിച്ചിരുന്നത് ഓര്‍മ്മിപ്പിച്ച് 1917 ഫെബ്രുവരി 22, വ്യാഴാഴ്ച അദ്ദേഹം സഭയില്‍ പ്രസംഗിച്ചു. പിന്നാക്ക വിഭാഗത്തിന് മാത്രമല്ല, 12 കരകളിലെ സാധാരണ ജനങ്ങള്‍ക്ക് നിര്‍ദിഷ്ട സ്കൂള്‍ കൊണ്ട് പ്രയോജനം ഉണ്ടാകുമെന്നും അത് എത്രയും പെട്ടന്ന് ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദീര്‍ഘവീക്ഷണത്തോടെയായിരുന്നു കണ്ടന് കുമാരന്റെ വാക്കുകള്‍.
‘ഒരു താലൂക്കില്‍ ഒരു വിദ്യാര്‍ത്ഥിക്കെങ്കിലും ഒരു പ്രത്യേക വര്ഷക്കാലക്കാലയളവ് വരെ സ്കോളര്‍ഷിപ്പ് അനുവദിക്കണം. സാഹിത്യ (ഭാഷ) പഠനത്തോടൊപ്പം കാര്‍ഷിക – വ്യാവസായിക വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണം.’
‘വിദ്യാഭ്യാസ കോഡില്‍ നിരോധിക്കുന്നില്ല എങ്കിലും എന്റെ സമുദായം കുന്നത്തൂര്‍, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ,ചങ്ങനാശ്ശേരി, പീരുമേട് താലൂക്കുകളിലായി 52 സ്കൂളുകള്‍ നടത്തിവരുന്നു. അവിടെ പഠിപ്പിക്കുന്നവരില്‍ 46 പേര് പറയരും മൂന്ന് പേര് ഈഴവരും രണ്ട് പേര് നായന്മാരും ഒരാള്‍ ക്രിസ്ത്യാനിയുമാണ്. ഈ സ്ഥാപനങ്ങളേയും കണ്‍ഫേമായ (അംഗീകൃത) ടീച്ചറന്മാരേയും സഹായിക്കുന്നതിനായി ഉചിതമായ ഗ്രാന്റ് നല്‍കുന്നതിന് ദയവുണ്ടാകണം.” (Proceedings of Sreemoolam Popular Assembly Page(146)
സാമൂഹിക പരിഷ്ക്കരണങ്ങളിലും അധഃസ്ഥിതരുടെ ജീവിതനിലവാര ഉയര്‍ച്ചയിലും അസഹിഷ്ണുക്കള്‍ അസ്വസ്ഥരായി. വാളെടുത്തുറഞ്ഞവരെ വരുതിയിലാക്കിയും പോരെടുത്തവരെ പൊരുതിത്തോല്പിച്ചുമാണ് കണ്ടന് കുമാരന് മുന്നേറിയത്. അക്ഷരവും അറിവും ജ്ഞാനബോധവും പരിഷ്ക്കരണചിന്തകളും ജീവിത വിജയത്തിന്റെ അടിസ്ഥാനനിഷ്ഠകളാക്കി മാറ്റാന്‍ അദ്ദേഹം ജനതയെ ഉപദേശിച്ചു.
കണ്ടന്‍കുമാരന്‍ ഉയര്‍ത്തിയ ദാര്‍ശനികവും സൈദ്ധാന്തികവുമായ ആശയലോകം കാലത്തെ മുന്‍കൂട്ടി കണ്ടുള്ളതായിരുന്നു. കാലാതിവര്ത്തിയായിരുന്നു. 1934 ഒക്ടോബര്‍ 16 ന് ആ സാഹസിക ജീവിതം അവസാനിച്ചെങ്കിലും അദ്ദേഹം ഉയര്‍ത്തിയ സമരവും ദര്‍ശനവും ഇന്നും പ്രസക്തമായി നില്ക്കുന്നു.
വിദ്യാഭ്യാസ അവകാശത്തിന്മേല് പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തില്‍ ഇപ്പോഴും അനാരോഗ്യകരമായ ഇടപെടലുകളിലൂടെ തടസങ്ങള്‍ സൃഷ്ടിക്കുന്നത് നാം കാണുന്നു. ഭൂമിയുടെ വിതരണത്തിലെ അനീതിയും അനുഭവമാണ്. മണ്ണിന്റെ മക്കളെ മണ്ണില്‍ നിന്നു തന്നെ വേര്‍പ്പെടുത്തി ഫഌറ്റ് സംസ്കാരത്തിലേക്ക് ആനയിക്കുന്നു. വ്യവസായ-വാണിജ്യ രംഗത്തും വിവര-വിജ്ഞാന-സാങ്കേതിക രംഗത്തും സംരംഭകരാകാന്‍ അവസരം ലഭിക്കാത്ത സാഹചര്യമുണ്ട്. അധികാരസ്ഥാനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം എന്ന ആവശ്യം അവഗണിക്കപ്പെടുന്നു. അവസരങ്ങളുടെയും രാഷ്ട്രവിഭവങ്ങളുടെ വിതരണത്തിന്റെയും തുല്യത വനരോദനങ്ങളാകുന്നു. മഹാത്മാ കാവാരികുളം കണ്ടന്‍കുമാരന്‍ ഉയര്‍ത്തിയ സമരസന്ദേശങ്ങളിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മുന്നേറുകയാണ് ഇന്നിന്റെ ആവശ്യം. പുതുതലമുറ കണ്ടന് കുമാരനെ പഠിക്കണം.
(ലേഖകന്‍ സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: