നെയ്‌റോബി: ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ സ്വന്തമാക്കി സിംബാംബ്‌വെ. ഗാംബിയയ്‌ക്കെതിരായ മത്സരത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത് 344 റണ്‍സ്. കഴിഞ്ഞ വര്‍ഷം മംഗോളിയയ്‌ക്കെതിരെ നേപ്പാള്‍ നേടിയ മൂന്നിന് 314 റണ്‍സ് ആണ് സിംബാംബ്‌വെ ഇന്നലെ മറികടന്നത്.
ഏറ്റവും മികച്ച ടോട്ടലില്‍ മൂന്നാം സ്ഥാനത്ത് ഭാരതം ദിവസങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശിനെതിരെ നേടിയ 297 റണ്‍സ് ആണ്. മത്സരത്തില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ സെഞ്ചുറിയടിച്ചിരുന്നു.
ട്വന്റിലോകകപ്പ് സബ് റീജിയനല്‍ ആഫ്രിക്ക യോഗ്യതാ മത്സരത്തിന്റെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് സിംബാബ്‌വെ ഗാംബിയയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തത്. നെയ്‌റോബിയിലെ റൗറാക സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലായിരുന്നു മത്സരം.
സിംബാബ്‌വെ നായകന്റെ വെടിക്കെട്ട് ബാറ്റിങ് ബലത്തിലാണ് ടീമിന് ഇന്നലെ റിക്കാര്‍ഡ് ടോട്ടല്‍ ത്താനായത്. 43 പന്തുകള്‍ നേരിട്ട റാസ പുറത്താകാതെ 133 റണ്‍സെടുത്തു. ഏഴ് ബൗണ്ടറികളും 15 സിക്‌സറുകളും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിങ്‌സ്. താരത്തിനൊപ്പം 17 പന്തുകളില്‍ 53 റണ്‍സെടുത്ത് ക്ലൈവ് മഡാന്‍ഡെ പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. സിംബാബ്‌വെയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ട്വന്റി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന അപൂര്‍വ്വ താരങ്ങളില്‍ ഒരാളായി മാറാനും സിക്കന്തര്‍ റാസയ്‌ക്ക് സാധിച്ചു.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപ്പണര്‍മാരായ ബ്രയാന്‍ ബെന്നെറ്റും(50) ടാഡിവനാഷെ മാറുമാനി(62)യും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 98 റണ്‍സ് പിറന്നു. പിന്നീട് റാസ ക്രീസിലെത്തിയതോടെ സ്ഥിതി കൂടുതല്‍ ആവേശകരമായി. മത്സരത്തില്‍ ഗാംബിയ 14.4 ഓവറില്‍ വെറും 54 റണ്‍സില്‍ ഓള്‍ഔട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: