ന്യൂദല്‍ഹി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന, വര്‍ഗീയകലാപങ്ങള്‍ക്ക് വഴി തുറക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് കൊടും ഭീകരനും വിവാദ മതപ്രാസംഗികനുമായ സക്കീര്‍ നായിക്കിനെതിരെ വിവിധ സ്ഥലങ്ങളില്‍ എടുത്ത കേസുകള്‍ എല്ലാം ചേര്‍ത്ത് ഒന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു.
ഹര്‍ജി തള്ളുമെന്ന ഭയം കാരണം സക്കീര്‍ നായിക് തന്നെയാണ് സുപ്രീം കോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചു. ഇയാള്‍ക്ക് എതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കേസുണ്ട്. ഇവ ഒന്നിച്ചാക്കി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
ഹര്‍ജി പരിഗണക്കരുതെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്ര സര്‍ക്കാര്‍, രാജ്യത്തു നിന്ന് രക്ഷതേടി പലായനം ചെയ്ത ഒരാള്‍ക്ക് എങ്ങനെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന് സാധിച്ചുവെന്ന് സുപ്രീം കോടതിയോട് ആരാഞ്ഞു. ഈ സാഹചര്യത്തില്‍ ഹര്‍ജി നിലനില്ക്കുകപോലുമില്ലെന്നും മഹാരാഷ്ട്ര ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചേര്‍ത്ത് വിശദമായ സത്യവാങ്ങ്മൂലം നല്കാന് കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതോടെ തള്ളുമെന്ന ഭയന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഇയാള്‍ കോടതിയോട് അനുമതി തേടുകയായിരുന്നു.
ഇനി ഓരോ കേസുമായും ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങളില്‍ ഹര്‍ജി നല്‍കുമെന്നാണ് ഇയാളുടെ വാദം.എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന കൊടുംഭീകരനെതിരെ യുഎപിഎ പ്രകാരവും കേസുണ്ട്. 2017ല്‍ ഇയാള്‍ക്ക് എതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മലേഷ്യയിലേക്ക് മുങ്ങിയ ഇയാള്‍ അന്ന് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാളുടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രം നിരോധിച്ചിരുന്നു. 2022ല്‍ യുഎപിഎ ട്രിബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: