കസാൻ: റഷ്യയിലെ കസാനിൽ 16-ാമതു ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി.
ഇറാന്റെ ഒമ്പതാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മസൂദ് പെസെഷ്കിയാനെ മോദി അഭിനന്ദിച്ചു. ബ്രിക്സ് കുടുംബത്തിലേക്ക് ഇറാനെ അദ്ദേഹം സ്വാഗതം ചെയ്തു. ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു. ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ദീർഘകാല കരാർ ഒപ്പിടൽ ഉഭയകക്ഷിബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ നേതാക്കൾ, അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനും പുനർവികസനത്തിനും മധ്യേഷ്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള അതിന്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഉൾപ്പെടെയുള്ള പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. സംഘർഷം രൂക്ഷമാകുന്നതിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സ്ഥിതിഗതികളിൽ അയവവരുത്തുന്നതിനുള്ള ഇന്ത്യയുടെ ആഹ്വാനം ആവർത്തിക്കുകയും ചെയ്തു. ജനങ്ങളുടെ സംരക്ഷണത്തിനും സംഘർഷം പരിഹരിക്കുന്നതിൽ നയതന്ത്രത്തിന്റെ പങ്കിനും പ്രധാനമന്ത്രി ഊന്നൽ നൽകി.
ബ്രിക്സും എസ്സിഒയും ഉൾപ്പെടെ വിവിധ ബഹുരാഷ്ട്രവേദികളിൽ സഹകരണം തുടരാൻ നേതാക്കൾ ധാരണയായി. അടുത്തുതന്നെ ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് പെസെഷ്കിയാനെ മോദി ക്ഷണിച്ചു. പ്രസിഡന്റ് പെസെഷ്കിയാൻ ക്ഷണം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: