Kerala

എടിഎമ്മിലേക്കുള്ള 25 ലക്ഷം കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത് പള്ളിക്കെട്ടിടത്തിൽ

Published by

കോഴിക്കോട്: കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്‌ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ കൂടെക്കൂട്ടുകയായിരുന്നു.

വടകരയ്‌ക്ക് സമീപമുള്ള വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ ഖത്തീബ് ആയിരുന്നു താഹ. പെട്ടെന്ന് പണക്കാരനാകാനും കടം വീട്ടാനും ലക്ഷ്യമിട്ടാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. സുഹൃത്തായ സുഹൈലിന് എടിഎമ്മില്‍ പണം നിറയ്‌ക്കുന്ന ജോലിയാണെന്ന് മനസിലാക്കിയ താഹ ആ വഴിയെ തന്റെ ല്ക്ഷ്യം കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനായി മസ്ജിദിലെ സഹായിയായ യാസിറിനെയും ഒപ്പം കൂട്ടി.

സുഹൈലിനെ പർദയിട്ട് മറയ്‌ക്കുന്നതിനും മുളകുപൊടി വിതറുന്നതിനും സഹായിച്ചത് യാസിർ ആയിരുന്നു. ആറുമാസമായി പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന താഹ കവർച്ചയിലൂടെ കിട്ടിയ പണം ഒളിപ്പിച്ചതും പള്ളിക്കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു. ഇവിടെ നിന്ന് പൊലീസ് പണം കണ്ടെടുത്തു. പള്ളി മഹല്ലിലെ ഒരു വിശ്വാസിയില്‍ നിന്ന് വാങ്ങിയ 5 ലക്ഷം രൂപ, കവര്‍ച്ചാപ്പണത്തില്‍ നിന്ന് കൊടുത്തു തീർത്തു.

തന്റെ കൈയിൽ നിന്ന് പണം കവർന്നെന്നും ബോധരഹിതനായതിനാല്‍ ഓർമയില്ല എന്നുമാണ് സൂഹൈല്‍ ആവർത്തിച്ച് നൽകിയ മൊഴി. പക്ഷെ, സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേട് മാത്രമല്ല പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. വിവിധയിടങ്ങളില്‍ നിന്നായി ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന്റെ അന്വേഷണം താഹയുടെ കാറിലേക്കെത്തി. നിരവധി ഫോണ്‍ കോളുകളും പരിശോധിച്ചിരുന്നു.

പള്ളി ഖാസി അവധിയായിരുന്നതിനാല്‍ താല്‍ക്കാലിക ചുമതലയായിരുന്നു താഹയ്‌ക്കെന്ന് വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ മഹല്ല് ഭാരവാഹികള്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by