ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടി നല്കി സൈന്യം. നിരോധിത സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ (എല്‍ഇടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്രീക് ലാബെയ്ക് യാ മുസ്ലിം (ടിഎല്‍എം) എന്ന ഭീകര സംഘടനയെ സൈന്യം തകര്‍ത്തു.
പുതിയതായി എല്‍ഇടിക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഭീകരസംഘടനയാണ് ടിഎല്‍എം. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള മൊഡ്യൂളാണ് അന്വേഷണ സംഘം തകര്‍ത്തത്. ബാബ ഹമാസ് എന്നറിയപ്പെടുന്ന ഒരു പാക് ഭീകരനാണ് ഈ സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്നത്. തിരിച്ചടി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം ഗന്ദര്‍ബാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ വ്യാപകമായി തെരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച ശ്രീനഗര്‍, ഗന്ദര്‍ബാല്‍, ബന്ദിപോറ, കുല്‍ഗാം, ബുഡ്ഗാം, അനന്ത്നാഗ്, പുല്‍വാമ എന്നിവിടങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തി. ടിഎല്എമ്മുമായി അടുപ്പമുള്ളവ കേന്ദ്രീകരിച്ച് ജമ്മുകശ്മീര്‍ പോലീസിന്റെ കൗണ്ടര്‍- ഇന്റലിജന്‍സ് യൂണിറ്റിന്റെ സഹായത്തോടെയായിരുന്നു തെരച്ചില്‍. ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടര്‍ അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ടിആര്‍എഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് സുരക്ഷാസേന അറിയിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോറ ഏരിയ വഴി നുഴഞ്ഞുകയറിയ രണ്ട് വിദേശ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. ടിഎല്‍എം കശ്മീരികളെയും കശ്മീരികളല്ലാത്തവരെയും ഏറെക്കാലമായി സംഘം ലക്ഷ്യമിടുന്നു. ടിഎല്‍എം അടുത്തിടെ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. ഷാനവാസ് ദറിന്റെ വീട്ടില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
കൊല്ലപ്പെട്ട ശശിഭൂഷന്‍ അബ്രോലിന്റെ വീട്ടില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശികളായ മൊഹമ്മദ് ഹനീഫ്, മൊഹമ്മദ് കാലിം, ഫഹീം നസീര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: