ന്യൂദല്‍ഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ-ഉക്രൈന് സംഘര്‍ഷ പരിഹാരത്തിന് എന്തു ദൗത്യവും വഹിക്കാമെന്ന് പ്രധാനമന്ത്രി മോദി പുടിനോടു പറഞ്ഞു. പ്രശ്ന പരിഹാരത്തിന് പുടിനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടക്കമുള്ള നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.
മൂന്നു മാസത്തിനിടെ രണ്ടുതവണ കൂടിക്കാഴ്ച നടത്താനായത് നമ്മുടെ സൗഹൃദത്തിന്റെ ആഴം കാണിക്കുന്നു, മോദി പുടിനോടു സൂചിപ്പിച്ചു. ഉക്രൈനും റഷ്യയും തമ്മിലെ സംഘര്‍ഷത്തിന് പരിഹാരം സമാധാനപരമായ മാര്ഗത്തിലൂടെയേ കാണാനാവൂ എന്നതാണ് ഭാരത നിലപാട്. ശാന്തിയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമവും നടത്തും. മാനവരാശിക്കു മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. സമാധാനത്തിനായി എന്തു ദൗത്യം വഹിക്കാനും ഭാരതം തയാറാണ്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കസാനിലെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണ്. കസാനില്‍ ഭാരതത്തിന് പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനായത് സന്തോഷം വര്‍ധിപ്പിക്കുന്നു,
മോദി തുടര്‍ന്നു. ഡിസം. 12ന് ദല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന ഭാരത-റഷ്യ ഉദ്യോഗസ്ഥതല ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് മറുപടി പറഞ്ഞു. കസാനിലെ ഭാരത വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ച ഭാരത നടപടി സ്വാഗതം ചെയ്യുന്നു. കസാനില്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതും സന്തോഷകരമാണ്. റഷ്യയിലെത്തിയതില്‍ സന്തോഷമെന്നും പുടിന് മോദിയോടു പറഞ്ഞു.
ആഗോള വികസന പദ്ധതികള്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, പുനരുജ്ജീവന ശേഷിയുള്ള വിതരണ ശൃംഖലയുടെ കെട്ടിപ്പടുക്കല്‍, രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് റഷ്യയിലേക്കു പുറപ്പെടും മുമ്പ് ദല്‍ഹിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മോദി വ്യക്തമാക്കിയിരുന്നു. കസാന്‍ സന്ദര്‍ശനം ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മോദി പ്രത്യാശിച്ചു. കസാനിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് റഷ്യ നല്‍കിയത്. കസാനിലെ ഭാരത സമൂഹവും ഇസ്കോണ്‍ ഭക്തരും ആചാരപരമായ വരവേല്പും പ്രധാനമന്ത്രിക്കു നല്കി.
ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, എത്യോപ്യ, ഇറാന്, യുഎഇ എന്നിവയ്ക്കും ബ്രിക്സിലേക്ക് അംഗത്വം നല്‍കിയതോടെ പാശ്ചാത്യ താത്പര്യങ്ങള്‍ക്കു ബദലായ ആഗോള ശക്തിയായി ബ്രിക്സ് കൂട്ടായ്മ മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: