പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളായ വിജേഷ് (35), വിഷ്ണു (30), മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ (17), വേണ്ടപ്പാറ സ്വദേശി രമേശ് (31) എന്നിവരാണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.
പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് യുവാക്കളെ കാറിൽ നിന്ന് പുറത്തെടുത്തത്. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാക്കളുടെ പോസ്റ്റുമോർട്ടം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് നടക്കും.
കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് കോങ്ങാട് സ്വദേശിയായ ജിതേഷ് കെ കെയുടേതാണ്. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. അപകടം സംഭവിച്ചയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: