ന്യൂദൽഹി: റഷ്യൻ സൈന്യത്തിൽ അനധികൃതമായി ചേർത്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ച് റഷ്യ. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് റഷ്യയുടെ നീക്കം.
അതേ സമയം 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ കൂടി വിട്ടയയ്‌ക്കുന്ന കാര്യവും ഇന്ന് തന്നെ ഇന്ത്യ ഉന്നയിക്കുമെന്നാണ് വിവരം.
നിലവിൽ 85 പേരും റഷ്യയിൽ നിന്ന് തിരിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരമെന്നും വിക്രം മിസ്രി പറയുന്നു. റഷ്യൻ സൈന്യത്തിൽ അവശേഷിക്കുന്ന അവസാനത്തെ ഇന്ത്യക്കാരനേയും വിട്ടയയ്‌ക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള സമ്മർദ്ദം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നതിനിടെ ഒൻപത് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ജോലി തട്ടിപ്പിന് ഇരയായാണ് പലരും റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിട്ടും കഴിയാതെ വന്നവർക്ക് വേണ്ടിയാണ് നയതന്ത്ര തലത്തിൽ ഇടപെടൽ ഉണ്ടായത്.
ഇന്ത്യയുൾപ്പെടെ പല വിദേശരാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. എന്നാൽ വിദേശരാജ്യങ്ങളിലുള്ളവരെ ഇത്തരത്തിൽ സൈന്യത്തിലെടുക്കുന്നത് ഏപ്രിലിൽ റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പുറമെ കഴിഞ്ഞ ജൂലൈയിൽ മോസ്‌കോയിൽ വച്ച് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ വിട്ടയയ്‌ക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ, റഷ്യൻ സൈന്യത്തിൽ നിയമവിരുദ്ധമായി പങ്കാളികളായ ഇന്ത്യക്കാരെ എല്ലാവരേയും മോചിപ്പിക്കണമെന്ന ആവശ്യത്തിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളും കാര്യക്ഷമമായി ഇടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: