ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റിടുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തമിഴ്‌നാട്ടുകാരനായ ഇര്‍ഫാനാണ് മകളുടെ ജനനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തി ദുബൈയിൽ ‘ജെൻഡർ റിവീൽ പാർട്ടി’ നടത്തി വിവാദത്തിലായ പ്രമുഖ തമിഴ് യൂട്യൂബർ ഇർഫാനെ നിയമക്കുരുക്കിലാക്കി ഇപ്പോള്‍ മറ്റൊരു വിവാദവും വന്നിരിക്കുന്നത്.
ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് (ഡി.എം.എസ്) ഇർഫാനും പ്രസവം നടന്ന ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ വിവാദത്തിൽപ്പെട്ട വിഡിയോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കേസെടുക്കുകയായിരുന്നു.
ജൂലൈയില്‍ പ്രസവത്തിനായി ഇര്‍ഫാന്റെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ 16 മിനിട്ടുള്ള വീഡിയോയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഇര്‍ഫാന്‍ കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും കാണാം. ഡോക്ടര്‍മാരുടെ അനുവാദത്തോടെയാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത്.
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടി. സംഭവത്തില്‍ ആശുപത്രിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കല്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ഡോ. ജെ രാജമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: