ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയ്ക്ക് ഗുജറാത്ത് സര്‍വ്വകലാശാല നല്കിയ ഡിഗ്രി വ്യാജമാണെന്ന് പരിഹസിച്ച അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുകുന്നു. ഈ പ്രസ്താവന നടത്തിയതിന് അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. . ഈ മാനനഷ്ടക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള് നല്കിയ പരാതി സുപ്രീംകോടതി തിങ്കളാഴ്ച തള്ളുകയായിരുന്നു. കേസില്‍ വാദം കേട്ട ജസ്റ്റിസുമാരായ ഋഷികേശ് റോയിയും എസ്.വി.എന്‍. ഭട്ടിയും ആണ് കെജ്രിവാളിന്റെ അപേക്ഷ തള്ളിയത്.
ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് മോദിയുടെ ഡിഗ്രി സംബന്ധിച്ച് അരവിന്ദ് കെജ്രിവാള് നടത്തിയ പരാമര്‍ശവുമായി നേരിട്ട് ബന്ധമില്ലെന്നും അതിനാല്‍ അരവിന്ദ് കെജ്രിവാളിനെതിരെ അദ്ദേഹം നല്കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതല്ലെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചു.മോദിയുടെ ഡിഗ്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയാന്‍ കെജ്രിവാള് തയ്യാറാണെന്നും അഭിഷേക് മനുസിംഘ് വി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും ചെവിക്കൊള്ളാന്‍ സുപ്രീംകോടതി തയ്യാറായില്ല.
മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന പ്രസ്താവന നടത്തുക, പിന്നീട് അതേക്കുറിച്ച് സോറി പറയുക. ഇത് അരവിന്ദ് കെജ്രിവാളിന്റെ സ്ഥിരം സ്വഭാവമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിമര്‍ശിച്ചു. . ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ അരവിന്ദ് കെജ്രിവാളിനെതിരെ നല്കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.
കേസിന്റെ ചരിത്രം
പ്രധാനമന്ത്രി മോദിയ്ക്ക് ഡിഗ്രി നല്കിയ ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കെതിരെ ആം ആദ്മിയുടെ അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും അപകീര്‍ത്തികരമായ പ്രസ്താവന ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുകയുണ്ടായി. ഇതിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ പീയൂഷ് പട്ടേല്‍ ഒരു മാനനഷ്ട ക്കേസ് അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയിരുന്നു. വിവരാകാശ നിയമപ്രകാരം മോദിയുടെ ഡിഗ്രയെക്കുറിച്ച് വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നല്കിയ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. നേരത്തെ ഇതേ കാര്യം ആവശ്യപ്പെട്ട് ആം ആദ്മിയുടെ സഞ്ജയ് സിങ്ങ് നല്കിയ പരാതി ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തിലായിരുന്നു സമാനസ്വഭാവമുള്ള അരവിന്ദ് കെജ്രിവാളിന്റെ പരാതിയും ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞത്. അതിന് ശേഷമാണ് അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ഗുജറാത്ത് സര്‍വ്വകലാശാലയെ അപമാനിക്കുന്ന തരത്തില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവന നടത്തിയത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഗുജറാത്ത് സര്‍വ്വകലാശാല കൃത്രിമമായി ഉണ്ടാക്കി നല്‍കിയതാണെന്നും അരവിന്ദ് കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഗുജറാത്ത് സര്‍വ്വകലാശാല അരവിന്ദ് കെജ്രിവാളിനും സഞ്ജയ് സിങ്ങിനും എതിരെ മാനനഷ്ടക്കേസ് നടകിയത്.
വിചാരണക്കോടതിയില്‍ നിന്നും ഗുജറാത്ത് സര്‍വ്വകലാശാലയുടെ മാനനഷ്ടക്കേസ് സംബന്ധിച്ചുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. അതിന് ശേഷം അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോഴിതാ സുപ്രീംകോടതിയും ഇവരുടെ അപേക്ഷ തള്ളിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: