കൊൽക്കത്ത : കമ്യൂണിസ്റ്റുകളുടെ കുബുദ്ധിയും ഗുണ്ടായിസവുമാണ് കൊൽക്കത്തയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധ മാർച്ചിൽ കാണാനാകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. പ്രതിഷേധത്തിന്റെ പേരിൽ ഇടതുപക്ഷ പാർട്ടികൾ ഗുണ്ടായിസം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കൂടാതെ തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീനത്തിൽ ഡോക്ടർമാർ സമരം തുടരുകയും അത് രോഗികളെ ബാധിക്കുകയും ചെയ്താൽ എഫ്ഐആർ ഫയൽ ചെയ്യാൻ രോഗികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പലപ്പോഴും സമരക്കാരെ വേദിയിൽ കാണാൻ പോകാറുണ്ട്, ചർച്ചകൾക്കായി അവരെ വീട്ടിലേക്ക് വിളിക്കാറുമുണ്ട്. പ്രശ്നം പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ വിദ്യാർത്ഥികളെ നിരാഹാര സമരത്തിന് പ്രേരിപ്പിച്ചുകൊണ്ട് ഇടതുപാർട്ടികൾ പ്രതിഷേധത്തിന്റെ മറവിൽ കൊള്ളരുതായ്മ ചെയ്യുന്നു. അവർ സമരം അവസാനിപ്പിച്ച് ശരിയായ ചർച്ച നടത്തി നിഗമനങ്ങളിൽ എത്തിച്ചേരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്‌ടോബർ 20ന് പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. 21 കിലോമീറ്റർ ദൂരത്തിൽ അവർ റാലി സംഘടിപ്പിച്ചത്. ഇതിന് പിന്തുണയെന്നോണം പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ തങ്ങളുടെ നിരാഹാര സമരം തുടരുകയാണ്. ഇപ്പോൾ 15-ാം ദിവസം പിന്നിട്ട നിരാഹാര സമരം നീതിക്ക് വേണ്ടിയാണെന്ന് നേതൃത്വം പറഞ്ഞു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിലെമ്പാടും പ്രതിഷേധം ഉയർന്നിരുന്നു. ആഗസ്ത് ഒമ്പതിന് കോളേജിലെ സെമിനാർ ഹാളിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പാർട്ടികൾ കനത്ത പ്രതിഷേധങ്ങളാണ് രാജ്യമൊട്ടാകെ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: